സുപ്രീംകോടതി വിധി മോദി–വി ഡി–ഇ ഡി കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടി: കെ എൻ ബാലഗോപാൽ

കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: വേട്ടയാടൽ രാഷ്‌ട്രീയത്തിനെതിരായ വിധിയാണ് സിഎംആർഎൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ വിധിയെ ജനാധിപത്യ വിശ്വാസികളാകെ സ്വാഗതം ചെയ്യുകയാണ്. ഇത് മോദി–വി ഡി–ഇ ഡി കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്നും ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
സിപിഐ എമ്മിന്റെ അഖിലേന്ത്യ നേതൃനിരയിൽ പ്രവർത്തിക്കുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വേട്ടയാടാൻ കെട്ടിച്ചമച്ച ഒരു കേസിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ ഇത്തരം വേട്ടയാടൽ രാഷ്‌ട്രീയം കേരളത്തിൽ അംഗീകരിക്കില്ലെന്ന് സിപിഐ എം നിസംശയം വ്യക്തമാക്കിയിട്ടുള്ളതാണ്. വേട്ടയാടലുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അടിവരയിട്ട് വ്യക്തമാക്കി. ആ നിലപാടിനുള്ള അംഗീകാരമായികൂടി സുപ്രീംകോടിതി വിധിയെ കാണാനാകും.
എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയെയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ കഴിയില്ലെന്ന വിധിയെയും സുപ്രീംകോടതി റദ്ദാക്കി. ഇ ഡി അധികാരം വിട്ട് പെരുമാറരുതെന്നും കോടതി നിർദേശിച്ചു. ആരോപണം അന്വേഷിക്കണമെന്ന നിലപാട് സ്വീകരിക്കാൻ ജഡ്ജിക്ക് എന്ത് അവകാശമുണ്ടെന്ന് കോടതി ചോദിച്ചു. സിംഗിൾ ബെഞ്ചിന്റേത് പരസ്പരവിരുദ്ധമായ വിധിയാണെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാൻ സംഘപരിവാർ നിയന്ത്രിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന കുത്സിത ശ്രമങ്ങൾക്ക് വളം വച്ചുകൊടുക്കുന്ന കേരളത്തിലെ കോൺഗ്രസുകാർക്കും മുഖ്യമന്ത്രി വി ഡി സതീശനും ഏറ്റ കനത്ത തിരിച്ചടികൂടിയാണ് സുപ്രീംകോടതി വിധി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണംക്കടത്ത്, ബിരിയാണി ചെമ്പ്, ഇൗന്തപ്പഴത്തിന്റെ കുരു, ഖുറാന് ഉള്ളിൽവച്ചുള്ള സ്വർണംക്കടത്ത്, കിഫ്‌ബി എന്നിങ്ങനെ കേന്ദ്ര അന്വേഷണ ഏജൻസികൾ തലങ്ങളും വിലങ്ങും നടത്തുന്ന അന്വേഷണ പ്രഹസനങ്ങൾക്കുള്ള ഒരു മുന്നറിപ്പ് കൂടിയാണ് ഇൗ വിധിയെന്നും ബാലഗോപാൽ പറഞ്ഞു.








0 comments