Deshabhimani

യുഎസ് വ്യാപാരക്കരാർ കാർഷികമേഖലയുടെ മരണമണി; ദീർഘകാല പ്രക്ഷോഭത്തിന് കിസാൻ സഭ

All India Kisan Sabha
വെബ് ഡെസ്ക്

Published on Oct 21, 2026, 07:14 PM | 2 min read

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ അന്തിമഘട്ടത്തിലെത്തിയ വ്യാപാരക്കരാർ ഇന്ത്യൻ കാർഷികമേഖലയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് അഖിലേന്ത്യ കിസാൻസഭ (എഐകെഎസ്). അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വഴങ്ങി രാജ്യത്തെ കർഷകരുടെ ഉപജീവനമാർഗം അപകടത്തിലാക്കുകയാണ് മോദി സർക്കാരെന്ന് കിസാൻസഭ പറഞ്ഞു. സാമ്രാജ്യത്വ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ആർഎസ്എസ്- ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏത് അറ്റം വരെയും പോകും. ഇതാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ സന്ദർശനവും ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ അന്തിമമാക്കുന്നതിനായി ഇന്ത്യൻ അധികൃതരുമായി നടത്തിയെന്ന് പറയപ്പെടുന്ന ചർച്ചകളും വ്യക്തമാക്കുന്നത്.


സ്വാതന്ത്ര്യ സമരകാലത്ത് സാമ്രാജ്യത്വത്തിന് സേവനം ചെയ്ത തങ്ങളുടെ പാരമ്പര്യം അതേപടി പിന്തുടർന്നുകൊണ്ട്, യുഎസിന്റെയും ഇന്ത്യയുടെയും ദേശീയ താൽപ്പര്യങ്ങൾ ഒന്നാണെന്ന റൂബിയോയുടെ സാമ്രാജ്യത്വ സിദ്ധാന്തം തന്നെയാണ് ബിജെപി സർക്കാരും ആവർത്തിക്കുന്നത്. പാർലമെന്റിനെ കരാറിന്റെ വിശദാംശങ്ങൾ അറിയിക്കാതെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇന്ത്യയിലേക്ക് അമേരിക്കൻ പാലുൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതിയാണ് കരാറിലെ അവസാന തടസ്സമെന്ന് മാർക്കോ റൂബിയോ പരസ്യമായി പ്രഖ്യാപിച്ചു. വ്യാപാര കരാർ നിയമപരമായ കരട് തയ്യാറാക്കുന്നതിൻ്റെ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.


ഇന്ത്യൻ കാർഷിക മേഖലയുടെ പുനഃസംഘടനയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് കിസാൻ സഭ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് നേർവിപരീതമായ സാമ്രാജ്യത്വത്തിന് കീഴടങ്ങുകയാണ് കേന്ദ്രം ഇപ്പോൾ. അടിമത്ത രേഖയിൽ ഒപ്പുവെക്കുന്ന തിരക്കിലാണ് കേന്ദ്രം. ഖാരിഫ് സീസണിലെ സോയാബീൻ വിളവെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ സോയാബീൻ, പാമോയിൽ എന്നിവയുടെ അടിസ്ഥാന ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി സർക്കാർ കുറച്ചു. ശുദ്ധീകരിച്ച എണ്ണകളുടെ കാര്യത്തിലും തീരുവ കുറച്ചു. ഇത് ആഭ്യന്തര കർഷകർക്ക് വൻ തിരിച്ചടിയാകും.


അമേരിക്കയിൽ വൻതോതിൽ സബ്‌സിഡി ലഭിക്കുന്ന വ്യാവസായിക കർഷകരുമായി മത്സരിക്കാൻ ഇന്ത്യൻ സോയാബീൻ കർഷകർക്ക് കഴിയില്ല. ഈ മേഖലയിൽ ഇളവുകൾ വേണമെന്ന അമേരിക്കയുടെ ആവശ്യം മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, കർണാടക തുടങ്ങിയ പ്രധാന സോയാബീൻ ഉൽപ്പാദക സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും. ക്ഷീര വിപണി നിയന്ത്രണങ്ങളില്ലാതെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തുറന്നുകൊടുക്കുന്നത് ലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ ദൈനംദിന വരുമാനത്തിന് ഭീഷണിയാകും. വൻതോതിൽ സബ്‌സിഡി ലഭിക്കുന്ന, വൻകിട വിദേശ ഉൽപ്പാദകർക്ക് പ്രാദേശിക സംഭരണ ​​വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കും. ഇത് കർഷകരുടെ വരുമാനത്തെ സാരമായി ബാധിക്കും. ചോളം, പരുത്തി, ജോവർ, ബദാം, വാൽനട്ട്, ആപ്പിൾ തുടങ്ങിയ വിളകളുടെ കർഷകരും പ്രതിസന്ധിയിലാകും.


അമേരിക്കയ്ക്ക് ഇളവുകൾ നൽകുന്നത് ഇന്ത്യൻ കാർഷിക മേഖലയിൽ കോർപ്പറേറ്റുകളുടെ ആധിപത്യം ശക്തിപ്പെടുന്നതിന് കാരണമാകും.ദേശവിരുദ്ധ - കർഷക വിരുദ്ധ വ്യാപാരക്കരാറുമായി മുന്നോട്ട് പോകാൻ മോദി സർക്കാർ തീരുമാനിച്ചാൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കിസാൻസഭ മുന്നറിയിപ്പ് നൽകി. യുഎസ് സാമ്രാജ്യത്വത്തിന് സാമ്രാജ്യത്വത്തിന് കീഴടങ്ങുന്നതിനെതിരെ, ദീർഘകാല പോരാട്ടത്തിന് എല്ലാ ഘടകങ്ങളും തയ്യാറാകണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ 23ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ഡൽഹിയിൽ സംഘടിപ്പിക്കുന്ന മാർച്ചിൽ കർഷകരെല്ലാം അണിനിരക്കണമെന്നും കിസാൻസഭ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home