അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും ബിഎസ്പി ദേശീയ ചീഫ് കോ ഓർഡിനേറ്ററായി നിയമിച്ച് മായാവതി

ന്യൂഡൽഹി : ബഹുജൻ സമാജ് പാർടി (ബിഎസ്പി) ദേശീയ ചീഫ് കോ ഓർഡിനേറ്ററായി അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും നിയമിച്ച് പാർടി അധ്യക്ഷ മായാവതി. കുറച്ചു മാസങ്ങൾക്കുമുമ്പാണ് ആനന്ദിനെ പാർടിയിലെ എല്ലാ ചുമതലകളിൽ നിന്നും മായാവതി നീക്കിയത്. ഇന്ന് ഡൽഹി ലോധി റോഡിലുള്ള പാർടി സെൻട്രൽ ഓഫീസിൽ നടന്ന ദേശീയ സമിതി യോഗത്തിലാണ് ആകാശിനെ വീണ്ടും നിയമിക്കാനുള്ള തീരുമാനം.
വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർടി പ്രചരണത്തിന്റെ പൂർണ ചുമതലയും ആകാശിന് നൽകാനും തീരുമാനിച്ചു. യോഗത്തിൽ മുതിർന്ന നേതാക്കളും സംസ്ഥാന പ്രതിനിധികളും കോർഡിനേറ്റർമാരും പങ്കെടുത്തു. ഇത്തവണ ആകാശ് പാർട്ടിയുടെയും പ്രസ്ഥാനത്തിന്റെയും താൽപ്പര്യങ്ങൾക്കനുസൃതമായി ശ്രദ്ധാപൂർവ്വം നടപടികൾ സ്വീകരിച്ച് ബിഎസ്പിയുടെ പ്രത്യയശാസ്ത്ര അടിത്തറ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മായാവതി പറഞ്ഞു.
റാം ജി ഗൗതം, രൺധീർ ബെനിവാൾ, രാജാ റാം എന്നിവരെയും ദേശീയ കോ ഓർഡിനേറ്റർമാരായി നിയമിച്ചിട്ടുണ്ട്. ഈ വർഷം മാർച്ചിലാണ് ആകാശിനെ മായാവതി ദേശീയ കോ ഓർഡിനേറ്റർ സ്ഥാനത്തുനിന്നും രാഷ്‌ട്രീയ പിൻഗാമി പദവിയിൽനിന്നും വീണ്ടും പുറത്താക്കിയത്. ജീവിച്ചിരിക്കുന്ന കാലത്തോളം തനിക്ക് രാഷ്‌ട്രീയ പിൻഗാമിയില്ലെന്നും മായാവതി അന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇളയ സഹോദരനും ആകാശിന്റെ പിതാവുമായ ആനന്ദ് കുമാറിനെയും രാജ്യസഭാ എംപി രാംജി ഗൗതമിനെയും ദേശീയ കോർഡിനേറ്റർമാരായും നിയമിച്ചു. ആകാശിന്റെ ഭാര്യപിതാവും രാജ്യസഭ മുൻഎംപിയുമായ അശോക് സിദ്ധാർഥിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് മാപ്പു പറഞ്ഞതിനെത്തുടർന്ന് ആകാശിനെ ഏപ്രിലിൽ പാർടിയിലേക്ക് തിരിച്ചെടുത്തിരുന്നു.
2024ലാണ് ആകാശിനെ രാഷ്‌ട്രീയ പിൻഗാമിയായി മായാവതി പ്രഖ്യാപിച്ചത്. എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ ആക്രമിച്ചതിന് ആകാശിനെ മായാവതി പദവിയിൽ നീക്കി. 2024 ജൂണിൽ വീണ്ടും പദവി തിരിച്ചുനൽകി. പാർടി അധ്യക്ഷയ്‌ക്ക് ശേഷം രണ്ടാംസ്ഥാനമാണ് പാർടിയിൽ ആകാശിനുള്ളത്.









0 comments