Deshabhimani

print edition നൽഗൊണ്ടയെ
ചുവപ്പിച്ച് മഹാറാലി

 കിസാൻസഭയുടെ അഖിലേന്ത്യ 
 സമ്മേളനത്തിന്‌ തുടക്കം കുറിച്ച്   
 നൽഗൊണ്ടയിൽ നടന്ന മഹാറാലി

കിസാൻസഭയുടെ അഖിലേന്ത്യ 
 സമ്മേളനത്തിന്‌ തുടക്കം കുറിച്ച് 
 നൽഗൊണ്ടയിൽ നടന്ന മഹാറാലി

avatar
എം പ്രശാന്ത്‌

Published on Nov 16, 2026, 12:46 AM | 1 min read

നൽഗൊണ്ട: കിസാൻസഭയുടെ അഖിലേന്ത്യ സമ്മേളനത്തിന്‌ തുടക്കം കുറിച്ചുള്ള മഹാറാലി വീരതെലങ്കാനയുടെ വിപ്ലവപാരമ്പര്യം ചോർന്നുപോയിട്ടില്ലെന്ന്‌ ഒരിക്കൽകൂടി തെളിയിച്ചു. നൈസാമിന്റെ അടിച്ചമർത്തലിനും ജന്മി–ഭൂപ്രഭുത്വ വാഴ്‌ചയ്‌ക്കും സാമ്രാജ്യത്വത്തിനുമെതിരായി കർഷകരും കർഷകത്തൊഴിലാളികളും ആയുധമെടുത്ത്‌ നടത്തിയ പോരാട്ടത്തിന്റെ സിരാകേന്ദ്രമായ നൽഗൊണ്ട വിപ്ലവസ്‌മരണകളാൽ ചുവന്നു.


ഞായറാഴ്‌ച തെലങ്കാനയിലെ വഴികളെല്ലാം നീണ്ടത്‌ നൽഗൊണ്ടയിലേക്കാണ്‌. 80 വർഷം മുമ്പ്‌ നൈസാമിന്റെ പട്ടാളത്തെയും ഭൂപ്രഭുക്കൻമാരായ ദേശ്‌മുഖുകളുടെ സേനകളെയും ചെറുത്ത ഖമ്മത്തെയും വാറംഗലിലെയും ഗ്രാമീണരുടെ പിൻഗാമികൾ വിപ്ലവഗാനങ്ങൾ ആലപിച്ച്‌ ചെങ്കൊടികളുമായി മാർച്ച്‌ ചെയ്‌തു. ഗുണ്ടൂർ അടക്കം അയൽജില്ലകളിൽ നിന്നും ആയിരങ്ങളെത്തി.


നൽഗൊണ്ടയിൽനിന്ന്‌ ഹൈദരാബാദിലേക്ക്‌ നീളുന്ന ദേശീയപാതയിൽ മാരിഗുഡ ബൈപ്പാസിന്‌ സമീപത്തുനിന്നായിരുന്നു റാലിയുടെ തുടക്കം. നാല്‌ കിലോമീറ്റർ പ്രകടനമായി നീങ്ങിയാണ്‌ പ്രവർത്തകർ പൊതുസമ്മേളനനഗരിയായ എൻടി കോളേജ്‌ ഗ്ര‍ൗണ്ടിലെത്തിയത്‌. രണ്ട്‌ മണിക്കൂറെടുത്ത്‌ റാലിയുടെ മുൻനിര ഗ്ര‍ൗണ്ടിലേക്ക്‌ കടക്കുമ്പോഴും മാരിഗുഡ ബൈപ്പാസിൽനിന്ന്‌ പ്രവർത്തകർ പൂർണമായി നീങ്ങിത്തുടങ്ങിയിരുന്നില്ല.


വർഗബഹുജന സംഘടനാപ്രവർത്തകർ വിവിധയിടങ്ങളിൽ റാലിയെ പുഷ്‌പവൃഷ്‌ടിയാൽ വരവേറ്റു. ആദിലബാദ്‌ ജില്ലയിലെ രാജ്‌ഗോണ്ട്‌ ഗോത്രവംശജർ അവതരിപ്പിച്ച ഗുസാഡി നൃത്തം റാലിയുടെ പ്രധാന ആകർഷണമായി. തെലങ്കാനയിലെ സ്‌ത്രീകളുടെ പ്രധാന ആഘോഷമായ ബത്തുക്കമ്മയുടെ ഭാഗമായുള്ള പൂക്കൾ നിറച്ച താലങ്ങളുമായി നർത്തകർ റാലിയിൽ അണിനിരന്നു. കുംഭകുടം, കോൽക്കളി തുടങ്ങിയ നാടൻ കലാരൂപങ്ങളും റാലിയുടെ ഭാഗമായി.


നൈസാമിന്റെ പട്ടാളം ഒമ്പതുപേരെ കൊലപ്പെടുത്തിയ മെഹ്‌ബൂബാബാദിൽനിന്നും സൂര്യാപേട്ടിലെ തെലങ്കാന സമരനായിക മല്ലു സ്വരാജ്യത്തിന്റെ ഗ്രാമത്തിൽനിന്നും കാളവണ്ടിയിലെത്തിച്ച ദീപശിഖ കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും ഏറ്റുവാങ്ങി.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sunny Joseph

03

print edition ചോദ്യങ്ങളുമായി 
റെഗുലേറ്ററി കമീഷൻ
satheesan

04

print edition അനുമതിയായ പദ്ധതിഫണ്ട്‌ പാഴാക്കി: പൂർത്തിയായതിന്റെ വിഹിതവും നഷ്‌ടമാകും
അമ്മിണിയുടെ മൃതദേഹം സംസ്‌കാരത്തിനായി മുളയിൽകെട്ടി ബന്ധുക്കൾ ചുമന്നുകൊണ്ടുപോകുന്നു

05

print edition ആംബുലൻസിൽ കയറ്റിയില്ല: ആദിവാസി സ്‌ത്രീയുടെ മൃതദേഹം ചുമന്നത്‌ രണ്ടുകിലോമീറ്റർ
sabarimala

06

print edition ശബരിമല തീർഥാടനത്തിന്‌ ഇന്ന്‌ തുടക്കം: എങ്ങുമെത്താതെ ഏകോപനം
deshabhimani section

Recommended

Deshabhimani
Home