print edition ഗുജറാത്തിൽനിന്ന് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം: സ്‌തംഭിച്ച് വസ്‌ത്രനിര്‍മാണ മേഖല

തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ ഉധ്‌ന റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിരക്ക്
ന്യൂഡൽഹി: പാചകവാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ തുണിവ്യവസായ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഗുജറാത്തിലെ സൂറത്തിൽനിന്ന് ഒറ്റദിവസം കൊണ്ട് പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കുടുംബത്തോടെ പലായനം ചെയ്‌തു. ഇതോടെ സൂറത്തിലെ വസ്‌ത്രനിര്‍മാണ കമ്പനികള്‍ ഏറെക്കുറെ സ്‌തംഭനാവസ്ഥയിലേക്ക് നീങ്ങി. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കരിഞ്ചന്തയിൽ 5000 രൂപ കൊടുത്ത് പാചകവാതക സിലിണ്ടര്‍ വാങ്ങേണ്ട സ്ഥിതിയായിരുന്നു. പാചകവാതകം ഉറപ്പാക്കാൻ ഗുജറാത്തിലെ ബിജെപി സര്‍ക്കാരും പരാജയപ്പട്ടതോടെയാണ് യുപി, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് കൂട്ടത്തോടെ മടങ്ങിയത്.
ലാത്തി വീശി പൊലീസ്
പൊരിവെയിലത്ത് നിന്ന് തളർന്നവർ ഇരുന്പ് റെയിലിങ്ങുകൾ ചാടിക്കടന്ന് ഉധ്‌ന റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിച്ചത് സ്ഥിതി രൂക്ഷമാക്കി. ഇവർക്ക് വെള്ളം പോലും അധികൃതർ ഉറപ്പാക്കിയിരുന്നില്ല. ഇനി സൂറത്തിലേക്ക് മടങ്ങിവരില്ലെന്ന് തൊഴിലാളികളിൽ ചിലർ മാധ്യമങ്ങളോട് പ്രതികരിച്ചു. തൊഴിലാളികൾക്കുനേരെ പൊലീസും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് പലവട്ടം ലാത്തി വീശി. ഉച്ചയോടെ ആറ് ട്രെയിനുകളിലായി 21,000-ത്തിലധികം പേർ സൂറത്ത് വിട്ടതായി സ്‌റ്റേഷൻ അധികൃതർ സ്ഥിരീകരിച്ചു. ആദ്യ ട്രെയിൻ ബിഹാറിലെ ജയ്‌നഗറിലേക്ക് പുലർച്ചെ 1.30 ന് പുറപ്പെട്ടു. രണ്ടാമത്തെ ട്രെയിൻ മധുബനിയിലേക്കാണ് പോയത്.
മൂന്ന് ലക്ഷം തൊഴിലാളികൾ നഗരം വിട്ടുവെന്നും ഉൽപ്പാദനം ഇതിനകം 20 ശതമാനം ഇടിഞ്ഞുവെന്നും വ്യവസായ വൃത്തങ്ങൾ വ്യക്തമാക്കി. എൽപിജി സിലിണ്ടർ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ വസ്‌ത്രമേഖല വൈകാതെ അടച്ചുപൂട്ടേണ്ടി വരുമെന്നതാണ് സ്ഥിതി. അതേസമയം എൽപിജി വിതരണം സാധാരണ നിലയിൽ നടക്കുന്നുണ്ടെന്നും രാജ്യത്ത് 53.5 ലക്ഷത്തിലധികം ഗാർഹിക സിലിണ്ടറുകൾ ശനിയാഴ്‌ച വിതരണം ചെയ്‌തുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അവകാശപ്പെട്ടു.










0 comments