ഹോളി ആഘോഷം ; മസ്‌ജിദുകൾ മറച്ചുകെട്ടി യുപി സർക്കാർ

ഉത്തർപ്രദേശ് ഷാജഹാൻപുരിലെ മുസ്ലിം പള്ളി ടാർപോളിൻകൊണ്ട് മറച്ച നിലയിൽ

അഖില ബാലകൃഷ്‌ണൻ
Published on Mar 13, 2025, 02:34 AM | 1 min read
ന്യൂഡൽഹി : ഹോളിക്ക് മണിക്കൂറുകൾ ശേഷിക്കേ സംഘർഷഭീതി നിലനിൽക്കുന്ന സ്ഥലങ്ങളിലെ മുസ്ലിം പള്ളികൾ ടാർപോളിൻകൊണ്ട് മൂടി ഉത്തർപ്രദേശ് സർക്കാർ. ഹിന്ദുക്ഷേത്രം നിലനിന്നിരുന്നു എന്ന അവകാശവാദത്തിന്റെ പേരിൽ കോടതിയിൽ കേസ് നടക്കുന്ന സംഭൽ ഷാഹി ജുമാ മസ്‌ജിദ് അടക്കം അറുപതോളം പള്ളികളാണ് മൂടിയത്.
ഷാജഹാൻപുരിൽ 18 ഘോഷയാത്രകൾ കടന്നുപോകുന്ന പാതകളിലെ 20 മസ്ജിദുകൾ തദ്ദേശഭരണവകുപ്പും പൊലീസും ചേർന്ന് മൂടി. സംഭലിൽമാത്രം പത്ത് മസ്‌ജുകള്‍ പൊതിഞ്ഞുകെട്ടി. സാമുദായിക സൗഹാർദം ഉറപ്പാക്കാനും സംഘർഷം ഒഴിവാക്കാനുമാണ് പള്ളികൾ മൂടിക്കെട്ടുന്നതെന്ന് സംഭൽ എസ് പി ശ്രീഷ് ചന്ദ്ര പറഞ്ഞു.
സംഭലിൽ മുസ്ലിങ്ങൾ വീട്ടിലിരിക്കണമെന്ന് നിർദേശിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ സംസാരിച്ചതിന് മുസ്ലിം യുവാവിനെ കസ്റ്റഡിയിലെടുത്ത് മാപ്പുപറയിക്കുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു. ഹോളിദിവസം മുസ്ലിങ്ങൾ ഹിജാബിനു പകരം ടാർപോളിൻ ധരിച്ചാൽ മതിയെന്ന് ബിജെപി നേതാവ് രഘുരാജ്‌സിങ് കഴിഞ്ഞദിവസം പരിഹസിച്ചിരുന്നു.
ഹോളിയും റംസാനിലെ രണ്ടാം വെള്ളിയാഴ്‌ചയിലെ ജുമാനിസ്‌കാരവും ഒരുദിവസമെത്തിയതോടെ മുസ്ലിങ്ങൾക്കെതിരായ അതിക്രമങ്ങളും തുടരുകയാണ്. വാരണാസിയിൽ ഹോളി ആഘോഷത്തിന് പിരിവ് ചോദിച്ചെത്തിയ 12 പേരടങ്ങുന്ന സംഘം മുസ്ലിം യുവാക്കളെ ആയുധങ്ങൾ കൊണ്ട് ആക്രമിച്ചു.മധ്യപ്രദേശിലെ മൗവിൽ മസ്‌ജിദിൽ പടക്കം വലിച്ചെറിഞ്ഞതിനെ തുടർന്ന് സംഘർഷം രൂക്ഷമായി.
സമാധാനം ഉറപ്പാക്കണം: സിപിഐ എം
സമാധാനപരമായ ഹോളി ആഘോഷം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. പ്രകോപനങ്ങളിൽ വീഴാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത കാട്ടണം. യുപി, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസ്‌താവനകൾ അപലപനീയമാണ്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പകരം മുസ്ലിങ്ങളെ ഭീഷണിപ്പെടുത്താനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താൽപ്പര്യപ്പെടുന്നത്. മുസ്ലിം സമുദായത്തെയാകെ ഭീതിയിലാക്കാനും സംഘർഷസാഹചര്യം സൃഷ്‌ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം പരാമർശങ്ങളെന്നും പിബി കമ്യൂണിക്കെയിൽ പറഞ്ഞു.









0 comments