വേര്‍പാട് ഇന്ത്യാസന്ദർശനം 
യാഥാർഥ്യമാകാതെ

marpapa

ചെന്നൈയിൽ ഫ്രാൻസിസ്‌ മാർപാപ്പയുടെ ചിത്രത്തിന്‌ മുന്നിൽ മെഴുകുതിരി കത്തിക്കുന്ന കുട്ടികൾ

avatar
എം അഖിൽ

Published on Apr 22, 2025, 04:20 AM | 1 min read


ന്യൂഡൽഹി : ഇന്ത്യ സന്ദർശിക്കണമെന്ന ദീർഘകാല അഭിലാഷം സാധിക്കാതെയാണ്‌ ഫ്രാൻസിസ്‌ മാർപാപ്പയുടെ വേർപാട്‌. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക്‌ ഏക്കാലവും പ്രസക്തിയുണ്ടെന്ന്‌ പറഞ്ഞ ഫ്രാൻസിസ്‌ പാപ്പയ്‌ക്ക്‌ ഇന്ത്യ സന്ദർശിക്കാൻ വലിയ താൽപര്യമുണ്ടായിരുന്നു. ഏഷ്യയിലെ പല രാജ്യങ്ങളും ഇന്ത്യയുടെ അയൽരാജ്യങ്ങളും സന്ദർശിച്ചിട്ടും പാപ്പയുടെ ഇന്ത്യാസന്ദർശനം യാഥാർഥ്യമായില്ല. രാഷ്‌ട്രീയ കാരണങ്ങളാണ്‌ പാപ്പയയുടെ സന്ദർശനം മുടങ്ങിയതെന്ന വിമർശം ശക്തമായിട്ടുണ്ട്‌.


മാർപാപ്പ വത്തിക്കാന്റെ പരമാധികാരി കൂടിയായതിനാൽ അദ്ദേഹത്തെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ക്ഷണിക്കുന്നതാണ്‌ കീഴ്‌വഴക്കം. മാർപാപ്പയെ രാജ്യത്തേക്ക്‌ ക്ഷണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കാത്തലിക്ക്‌ ബിഷപ്‌സ്‌ കോൺഫറൻസ്‌ ഓഫ്‌ ഇന്ത്യ (സിബിസിഐ), കോൺഫറൻസ്‌ ഓഫ്‌ കാത്തലിക്ക്‌ ബിഷപ്‌സ്‌ ഓഫ്‌ ഇന്ത്യ (സിസിബിഐ), ഫെഡറേഷൻ ഓഫ്‌ ഏഷ്യൻ ബിഷപ്‌സ്‌ കോൺഫറൻസ്‌ (എഫ്‌എബിസി) തുടങ്ങിയ സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശമന്ത്രിയെയും സന്ദർശിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉറപ്പ്‌ ലഭിച്ചില്ല.


2016 ഒക്ടോബറിൽ അസർബൈജാനിൽനിന്നും മടങ്ങവേ താൻ ഇന്ത്യയും ബംഗ്ലാദേശും സന്ദർശിക്കുമെന്നത്‌ ‘ഏകദേശം ഉറപ്പായിട്ടുണ്ടെന്ന്‌’ മാർപാപ്പ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. എന്നാൽ, 2017 ആഗസ്‌തിൽ സന്ദർശനം മ്യാൻമറിലേക്കും ബംഗ്ലാദേശിലേക്കുമാണ്‌ നടന്നത്‌. 2021 ഒക്ടോബറിലും 2024 ജൂണിലും ഫ്രാൻസിസ്‌ മാർപാപ്പയെ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. 2025നുശേഷം ഫ്രാൻസിസ്‌ മാർപാപ്പ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകളും വന്നു.


പാപ്പയുടെ അനാരോഗ്യമാണ്‌ സന്ദർശനത്തിന്‌ വിലങ്ങുതടിയായതെന്ന വാദത്തിൽ കഴമ്പില്ല. വീൽച്ചെയറിലാണ്‌ അദ്ദേഹം ദൈർഘ്യമേറിയ ഏഷ്യാസന്ദർശനം നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home