print edition ദാമ്പത്യബന്ധത്തിലെ ബലാത്സംഗം; മൂന്നാഴ്‌ചയ്‌ക്കുശേഷം അന്തിമവാദം


സ്വന്തം ലേഖകൻ
Published on Sep 10, 2026, 01:03 AM | 1 min read
ന്യൂഡൽഹി: ഭാര്യയുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ഭർത്താവ് നടത്തുന്ന ലൈംഗികബന്ധത്തെ ദാന്പത്യ ബലാത്സംഗമായി കണ്ട് ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ സുപ്രീംകോടതിയിൽ അന്തിമവാദം തുടങ്ങുന്നു. മൂന്നാഴ്‌ചയ്‌ക്ക് ശേഷം ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹർജികൾ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഐപിസി 375( ഇളവ് –2) പ്രകാരം ( ഇപ്പോൾ ബിഎൻഎസ് വകുപ്പ് 63) ഭർത്താക്കന്മാർക്കുള്ള സംരക്ഷണം റദ്ദാക്കുന്നതിൽ തീരുമാനമെടുക്കുമെന്നും ഇരകൾക്ക് നീതിയുറപ്പാക്കുമെന്നും കോടതി പറഞ്ഞു.
ഭർത്താക്കന്മാർക്കുള്ള ഇളവ് നിലനിൽക്കെ അവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ തുടരാൻ കഴിയുമോ, ഇളവിന് ഭരണഘടനാപരമായി സാധുതയുണ്ടോ എന്നീ ചോദ്യങ്ങളാവും പ്രാഥമികമായി കോടതി പരിശോധിക്കുക. ഇളവിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റേതാണ് പ്രധാന ഹർജി. ഭർത്താക്കന്മാരുടെ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാനാകില്ലെന്ന കേന്ദ്രസർക്കാരിന്റെ സത്യവാങ്‌മൂലം ലഭിച്ചത് പരിഗണിച്ചാണ് അന്തിമവാദത്തിന് കോടതി തയ്യാറെടുക്കുന്നത്.
ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ, ഡൽഹി ഹൈക്കോടതിയുടെ ഭിന്നവിധിക്കെതിരായ അപ്പീൽ, വകുപ്പ് ചോദ്യം ചെയ്യുന്ന ഹർജികളും ഇടപെടൽ അപേക്ഷകളുമാണ് സുപ്രീംകോടതി പരിഗണിക്കുക.










0 comments