print edition മണിപ്പുര്‍ വീണ്ടും സംഘര്‍ഷഭരിതം ; കുക്കി എംഎൽഎമാര്‍ക്ക് എതിരെ പ്രതിഷേധം ശക്തം

ഇംഫാൽ
പുതിയ ബിജെപി സര്‍ക്കാരിന്റെ ഭാഗമായ കുക്കി എംഎൽഎമാര്‍ക്കെതിരായ പ്രതിഷേധം മണിപ്പുരിൽ ശക്തം. കുക്കി വിഭാഗക്കാരായ യുവാക്കളും സുരക്ഷാസേനയും വ്യാഴാഴ്ച ചുരാചന്ദ്പുരിൽ ഏറ്റുമുട്ടി. തുയിബോങ് ഫോറസ്റ്റ് ഗേറ്റ് മേഖലയിലാണ് സംഘര്‍ഷം തുടങ്ങിയത്. രാത്രി മുഴുവന്‍ സുരക്ഷാസേന പ്രതിഷേധക്കാരെ നേരിട്ടു. വെള്ളി പുലര്‍ച്ചെ വരെ സംഘര്‍ഷമുണ്ടായി. ചുരാചന്ദ്പുരിൽ ബന്ദ് ആചരിച്ചു. ചുരാചന്ദ്പുര്‍ വഴി ഇംഫാലിൽനിന്ന് മിസോറാമിലേക്കുള്ള പ്രധാന ഹൈവേ ഉപരോധിച്ചു. വാഹനങ്ങള്‍ തകര്‍ത്തു. സ്‌കൂളും വ്യവസായ സ്ഥാപനങ്ങളും അടച്ചു.
ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ നേംച കിപ്ഗെൻ അടക്കം 3 കുക്കിസോ, മാര്‍ ബിജെപി എംഎൽഎമാരാണ് സര്‍ക്കാരിന്റെ ഭാഗമായത്. പ്രതിഷേധക്കാര്‍ ഇവരുടെ കോലം കത്തിച്ചു. കാങ്‍പോക്‍പിയിലും ടെങ്നോപാൽ ജില്ലകളിലും പ്രതിഷേധ റാലികള്‍ നടന്നു.
ചുരാചന്ദ്പുര്‍ ടൗണിൽ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. കിപ്ഗെന്‍ രാജിവയ്‍ക്കണമെന്നും കുക്കികള്‍ക്കായി പ്രത്യേക ഭരണസംവിധാനം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
നിയമസഭയുള്ള കേന്ദ്രഭരണപ്രദേശം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ രേഖാമൂലമായ ഉറപ്പ് ലഭിക്കാതെ കുക്കി എംഎൽഎമാര്‍ സര്‍ക്കാരിന്റെ ഭാഗമാകരുതെന്ന് കുക്കിസോ കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. ഇത് ലംഘിച്ച എംഎൽഎമാര്‍ സമുദായത്തെ വഞ്ചിച്ചെന്ന് കുക്കി കൗൺസിൽ ചൂണ്ടിക്കാട്ടി. എംഎൽഎമാര്‍ക്കെതിരെ സാമൂഹ്യബഹിഷ്‍കരണത്തിനും ആഹ്വാനംചെയ്‍തു. കിപ്‍ഗെന്നിന്റെയും മറ്റ് രണ്ട് എംഎൽഎമാരുടെയും വീടുകള്‍ക്ക് സുരക്ഷ ശക്തമാക്കി.










0 comments