മണിപ്പുരിൽ വീണ്ടും സംഘർഷം

ന്യൂഡൽഹി
കലാപത്തിന് അറുതിയില്ലാത്ത മണിപ്പുരിൽ വീണ്ടും കുക്കി–മെയ്‌ത്തീ വിഭാഗക്കാർ തമ്മിൽ സംഘർഷം. ഇംഫാലിൽ ഞായർ രാവിലെ കുക്കി ഗ്രാമത്തിനടുത്തുള്ള വയൽ ഉഴുന്നുതിനായി മെയ്‌ത്തീ വിഭാഗത്തിൽപെട്ടയാൾ ട്രാക്ടറുമായെത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. കൃഷി ഭൂമി ഇയാളുടേതല്ലെന്നുപറഞ്ഞ് കുക്കികൾ എതിർത്തു. സമീപ ഗ്രാമത്തിലെ മെയ്‌ത്തീകളും സംഭവസ്ഥലത്ത് എത്തിയതോടെ സ്ഥിതിഗതികൾ വഷളായതായി പൊലീസ് പറഞ്ഞു.
ഇരുവിഭാഗവും തമ്മിൽ കല്ലെറിഞ്ഞു. ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷ സാധ്യത തുടരുന്നതിനാൽ സ്ഥലത്ത് സുരക്ഷാസേനയെ വിന്യസിച്ചു. രാഷ്ട്രപതി ഭരണമുള്ള മണിപ്പുരിൽ ഭൂമിയുടെ അവകാശത്തെച്ചൊല്ലി കുക്കികളും മെയ്‌ത്തീകളും തമ്മിലുള്ള സംഘർഷം വർധിക്കുകയാണ്. കൃഷിചെയ്യാനെത്തുന്ന കുക്കികളെ വെടിവയ്‌ക്കുമെന്ന് മെയ്‌ത്തീകൾ ഭീഷണി മുഴക്കിയിരുന്നു.
കുക്കികളുമായുള്ള കരാർ റദ്ദാക്കണം: ബിജെപി വക്താവ്
കുക്കി സംഘടനകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പുർ ബിജെപി സംസ്ഥാന വക്താവ് ടി മൈക്കൽ ലംജതാങ് ഹാവോകിപ്. ആഭ്യന്തര മന്ത്രാലയം കരാർ നീട്ടുമെന്ന വാർത്തകളെതുടർന്ന് അമിത്‌ഷായ്ക്കും മോദിക്കും ഹാവോകിപ് കത്തയച്ചു. കരാർ നീട്ടുന്നത് സായുധ സംഘടനകളെ പ്രീണിപ്പിക്കുന്ന നീക്കമായി വിലയിരുത്തപ്പെടുമെന്നാണ് കത്തിൽ പറയുന്നത്.









0 comments