ad
Deshabhimani

മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിനിടെ കുക്കി സംഘടനകളുടെ ബഹിഷ്കരണ ആഹ്വാനം

manipur 26
വെബ് ഡെസ്ക്

Published on Feb 05, 2026, 12:04 PM | 2 min read

ഇംഫാൽ: മണിപ്പൂരിൽ സർക്കാർ രൂപീകരണ നടപടികളിൽ പങ്കെടുക്കരുതെന്ന് കുക്കി വിഭാഗത്തിൽ നിന്നുളള നിയമസഭാംഗങ്ങൾക്ക് മുന്നറിയിപ്പ്. നിരവധി കുക്കി സംഘടനകൾ സര്‍ക്കാര്‍ രൂപീകരണത്തിൽ പങ്കാളികളാവുന്നതിനെതിരെ രംഗത്തെത്തി. കുക്കി-സോ ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിൽ വെള്ളിയാഴ്ച രാവിലെ 6മുതൽ വൈകിട്ട് 6വരെ സമ്പൂർണ ഹർത്താൽ ആഹ്വാനം ചെയ്തു.


ബുധനാഴ്ച ബിജെപി എംഎൽഎ യും മുൻ മന്ത്രിസഭയിലെ രണ്ടാമനുമായ നാം ഖേം ചന്ദ് സിംഗ് മണിപ്പൂരിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറി മുഖ്യമന്ത്രി പദത്തിലെത്തിയ എൻ ബിരൻ സിംഗിന്റെ രാജിക്ക് ശേഷം സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്നു. ഫെബ്രുവരി 14 ന് രാഷ്ട്രപതി ഭരണത്തന്റെ കാലാവധി അവസാനിക്കാനിരിക്കെ ബുധനാഴ്ച രാഷ്ട്രപതി ഭരണം പിൻവലിച്ച് ഉത്തരവിറക്കി. പുതിയ മന്ത്രിസഭ അധികാരമേറ്റു.


പുതിയ മന്ത്രിസഭയിൽ കുക്കി സമൂഹത്തിൽപ്പെട്ട ബിജെപി എംഎൽഎ നെംച കിപ്ഗൻ, നാഗാ പീപ്പിൾസ് ഫ്രണ്ട് എംഎൽഎ എൽ ദിഖോ എന്നിവരെ ഉപമുഖ്യമന്ത്രിമാരായി നിശ്ചയിച്ചിട്ടുണ്ട്. ചുരാചന്ദ്പൂർ ആസ്ഥാനമായുള്ള ജോയിന്റ് ഫോറം ഓഫ് സെവൻ (JF7)ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.പ്രത്യേക കുക്കി ഭരണകൂടം എന്ന ആവശ്യം ഉയർത്തി പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തു.


കുക്കി-സോ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ,സംഘടനയുടെ കൂട്ടായ തീരുമാനത്തെ അവഗണിച്ച് ഏതെങ്കിലും കുക്കി എംഎൽഎ സർക്കാർ രൂപീകരണത്തിൽ പങ്കെടുക്കുകയാണെങ്കിൽ അത് വ്യക്തിഗത തീരുമാനമായിരിക്കും എന്ന് പറയുന്നു. മാത്രമല്ല അത്തരമൊരു നീക്കത്തിന്റെ പ്രത്യാഘാതങ്ങൾക്ക് സംഘടന ഉത്തരവാദിയാകില്ലെന്നും മുന്നറിയിപ്പ് നൽകി.


കുക്കി വിഭാഗത്തിലെ സായുധ സംഘങ്ങളും സർക്കാർ രൂപീകരണത്തിൽ പങ്കെടുക്കുന്ന കുക്കി എംഎൽഎമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച രാത്രി,കങ്ക്പോക്പി ജില്ലയിലെ കുക്കി ഭൂരിപക്ഷ പ്രദേശമായ ലെയിമഖോങിന് സമീപം പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും റോഡിൽ മുളവടികൾ സ്ഥാപിക്കുകയും ചെയ്തു.



Related News

ഉപമുഖ്യമന്ത്രിയായി നെംച കിപ്ഗൻ സത്യപ്രതിജ്ഞ ചെയ്തതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഇത്. സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായ അവര്‍ ഡൽഹിയിലെ മണിപ്പൂര്‍ ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്.


ബിജെപിയിൽ നിന്നുള്ള ഏഴ് പേർ ഉൾപ്പെടെ നിയസഭയിലെ 10 കുക്കി-സോ എംഎൽഎമാരിൽ കിപ്‌ഗെനും ഉൾപ്പെടുന്നു. 2023 ജൂണിൽ ഇംഫാൽ വെസ്റ്റിലുള്ള അവരുടെ ഔദ്യോഗിക വസതി അക്രമികൾ കത്തിച്ചു. അറുപത് വയസുള്ള അവരിപ്പോൾ ‍ഡൽഹിയിലാണ് കഴിയുന്നത്. ബിരേൻ സിങ് നയിച്ച കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിരുന്ന അവര്‍ പാര്‍ട്ടി വിട്ട് ബിജെപിയിൽ എത്തുകയായിരുന്നു.


രണ്ടു വര്‍ഷമായി തുടരുന്ന സംഘര്‍ഷം


മെയ്‌തെയി ഭൂരിപക്ഷ സമൂഹം പട്ടികവർഗ (ST)പദവി ആവശ്യപ്പെട്ടതിനെതിരെ 2023മെയ് 3-ന് ഹിൽ ഡിസ്ട്രിക്കുകളിൽ സംഘടിപ്പിച്ച ആദിവാസി ഐക്യദാർഢ്യ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടികൾക്ക് പിന്നാലെയാണ് മണിപ്പൂരിൽ അക്രമങ്ങൾ ആരംഭിച്ചത്. എൻ ഡി എ രണ്ട് ടേം ഭരണത്തിൽ ഇരുന്നതോടെ ഗോത്ര വര്‍ഗ്ഗങ്ങൾ തമ്മിലുള്ള വേര്‍തിരിവ് വര്‍ധിച്ചു.


മെയ്തെയി വിഭാഗത്തിന് എസ് ടി സംവരണം അനുവദിച്ച ഒരു കോടതി വിധിക്ക് പിന്നാലെയായിരുന്നു പ്രതിഷേധങ്ങൾ പുറത്തെത്തിയത്. സംഘര്‍ഷങ്ങളിൽ ഇതുവരെ കുക്കി,മെയ്‌തെയി വിഭാഗങ്ങളിലെ അംഗങ്ങളും സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടെ കുറഞ്ഞത് 260പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.



Related News




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home