മോദിയുടെ സന്ദർശനത്തിനുമുന്പ് മണിപ്പുർ ബിജെപിയിൽ പൊട്ടിത്തെറി

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മണിപ്പുർ ബിജെപിയിൽ പൊട്ടിത്തെറി. ഉഖ്‌ഹ്രുൽ ജില്ലയിലെ ഫുൻഗ്യാർ മണ്ഡലത്തിലെ 43 നേതാക്കൾ ബിജെപിയിൽ നിന്ന് രാജിവച്ചു. സംഘടനയിലെ നിലവിലെ സാഹചര്യങ്ങളിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയാണ് മണ്ഡലം പ്രസിഡന്റും മഹിളാ, യുവ, കിസാൻ മോർച്ച നേതാക്കളും കൂട്ടത്തോടെ രാജിവെച്ചത്.
പാർടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും തീരുമാനങ്ങളെടുക്കുന്നതിൽ നിന്നും തങ്ങളെ അകറ്റി നിർത്തുകയാണെന്നും താഴെത്തട്ടിലുള്ള നേതാക്കളെ നേതൃത്വം അവഗണിക്കുകയാണെന്നും രാജിവച്ച നേതാക്കൾ പ്രസ്‌താവനയിൽ പറഞ്ഞു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ കടുത്ത സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി വാർത്തയുണ്ടാക്കിയതാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു.
ശനിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുർ സന്ദർശിക്കാനിരിക്കെയാണ് ബിജെപിയെ ആശങ്കയിലാഴ്‌ത്തിയ കൂട്ടരാജി. 2023 മേയ് മുതൽ തുടർച്ചയായി സംഘർഷഭരിതമായ മണിപ്പുർ സന്ദർശിക്കാൻ കൂട്ടാക്കാത്ത മോദിയുടെ നിലപാട് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.








0 comments