എല്ലാ പൈലറ്റുമാര്‍ക്കും നിർബന്ധിത ലഹരി പരിശോധന; തീരുമാനവുമായി എയര്‍ ഇന്ത്യ

ന്യൂഡൽഹി : എല്ലാ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി എയർ ഇന്ത്യ. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലുണ്ടായ ഗുരുതര വീഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
സുരക്ഷാ മാനദണ്ഡങ്ങളിലെ ഒരു പ്രധാന ചുവടുവെയ്പ്പാണിതെന്നും കൂടുതൽ കർശനമായ പരിശോധനാ സംവിധാനമാകും നടപ്പാക്കുകയെന്നും എയർ ഇന്ത്യ അറിയിച്ചു. പുതിയ നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ഡിജിസിഎ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിലവിൽ പാലിക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. പൈലറ്റുമാർ ലഹരി വസ്തുക്കളോ നിലവിലെ വ്യോമയാന ചട്ടങ്ങൾ അനുവദിക്കാത്തതോ ആയ മരുന്നുകളോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന. പൈലറ്റിന്റെ ആരോഗ്യം, ഉറക്കം, ക്ഷീണം തുടങ്ങിയ കാര്യങ്ങളും പരിശോധനയിൽ ചോദിച്ചറിയുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഗുരുഗ്രാം അക്കാദമിയിലെ പരിശീലനാ വേളയിലോ അല്ലെങ്കിൽ വ്യക്തിഗത ബേസുകൾ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ വെച്ചാകും സ്ക്രീനിങ് നടക്കുക.
ഈ മാസം അഞ്ചിനായിരുന്നു യാത്രക്കാരെ ഭീതിയിലാഴ്ത്തിക്കൊണ്ട് എയർ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയിലേക്ക് പതിച്ചത്. തായ്ലന്റിലെ ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം ആകാശച്ചുഴിയില്‍ അകപ്പെടുകയായിരുന്നു. അപകടത്തിൽ നാല് ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 17 പേർക്ക് പരിക്കേറ്റിരുന്നു. പരിശോധനയില്‍ വിമാനം നിയന്ത്രിച്ചിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ ക്യാപ്റ്റനെയും സഹപൈലറ്റിനെയും അന്വേഷണവിധേയമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്.










0 comments