മകൾക്കു പകരം അമ്മയെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതായി പരാതി: സംഭവം യുപിയിൽ

പ്രതീകാത്മകചിത്രം
ലക്നൗ : ഉത്തർപ്രദേശിൽ യുവാവിനെ കബളിപ്പിച്ച് വധുവിന്റെ അമ്മയെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതായി പരാതി. മീററ്റ് ബ്രഹ്മപുരി സ്വദേശിയായ മൊഹമ്മദ് അസീമാണ് (22) പരാതി നൽകിയത്. ഷാമിൽ ജില്ലയിലെ മന്താഷ എന്ന 21കാരിയുമായാണ് തന്റെ വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവാവ് പറയുന്നു.
യുവാവിന്റെ സഹോദരൻ നദീമും ഭാര്യ ഷൈദയുമാണ് വിവാഹം തീരുമാനിച്ചത്. മാർച്ച് 31നായിരുന്നു വിവാഹ ചടങ്ങുകൾ. ചടങ്ങുകൾക്കിടെ പെൺകുട്ടിയുടെ പേര് താഹിറ എന്നാണ് പുരോഹിതൻ വിളിച്ചത്. തുടർന്ന് വധുവിന്റെ മൂടുപടം ഉയർത്തിയപ്പോൾ 21കാരിക്കു പകരം പെൺകുട്ടിയുടെ 45 വയസുള്ള അമ്മയെയാണ് കണ്ടതെന്ന് യുവാവ് പരാതിയിൽ പറയുന്നു. 5 ലക്ഷം രൂപ വിവാഹചടങ്ങിനിടെ കൈമാറിയതായും അസീം പരാതിയിൽ പറയുന്നു.
തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോൾ സഹോദരനും ഭാര്യയും വധുവിന്റെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്നും ലൈംഗിക പീഡനക്കേസിൽ കുടുക്കുമെന്ന് പറഞ്ഞെന്നും യുവാവ് പരാതിയിൽ പറഞ്ഞു. വ്യാഴാഴ്ചയാണ് പരാതി പൊലീസിന് നൽകിയത്.









0 comments