ad
Deshabhimani

പെൺസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ ഉപേക്ഷിച്ചു; തല കണ്ടെത്താനായില്ല, സഹപ്രവര്‍ത്തകന്‍ അറസ്റ്റിൽ

agra
വെബ് ഡെസ്ക്

Published on Jan 27, 2026, 10:13 AM | 1 min read

ലഖ്നൗ: ആഗ്രയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആഗ്ര സ്വദേശിനിയും സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരുമായ യുവതിയുടെ കൊലപാതകത്തിലാണ് സഹപ്രവർത്തകനായ വിനയ് രജ്പുതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


കൊല്ലപ്പെട്ട യുവതിയും വിനയും ഒരു ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ജനുവരി 23ന് ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിറ്റേദിവസം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നാല് ടീമുകളായി തിരിഞ്ഞ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.


ഇതിനിടെയാണ് ജനുവരി 24ന് പാർവതി വിഹാറിൽ ചാക്കിൽക്കെട്ടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ചാക്ക് തുറന്നപ്പോൾ തലയില്ലാത്ത ഒരു യുവതിയുടെ മൃതദേഹമാണ് കണ്ടത്. തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് കാണാതായ യുവതിയുടെ സ്‌കൂട്ടറിൽ ഒരാൾ ചാക്കുമായി പോകുന്നത് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദൃശ്യങ്ങളിലുള്ളത് യുവതിയുടെ സഹപ്രവർത്തകനായ വിനയ് ആണെന്ന് തിരിച്ചറിയുകയും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.


ചോദ്യംചെയ്യലിൽ യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് വിനയ് സമ്മതിച്ചു. യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും അടുത്തിടെയായി യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് ഇയാൾ മൊഴി നൽകിയത്. സംശയം ചൂണ്ടിക്കാട്ടി യുവതിയുമായി പലതവണ വഴക്കിട്ടിരുന്നതായും പ്രതി സമ്മതിച്ചു.


സംഭവദിവസവും യുവതിയും പ്രതിയും തമ്മിൽ ഓഫീസിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് യുവതിയെ വിളിച്ചുവരുത്തിയ പ്രതി, കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഇതിനുശേഷം തലയടക്കം അറത്തുമാറ്റി. തലയും ബാക്കിഭാഗവും രണ്ട് ചാക്കുകളിലാക്കി യുവതിയുടെ സ്‌കൂട്ടറിൽതന്നെ പുറത്തേക്ക് കൊണ്ടുപോയി. അറത്തുമാറ്റിയ തല പാലത്തിന് സമീപത്തെ അഴുക്കുചാലിലേക്കും ബാക്കിഭാഗം പുഴയിലേക്കും എറിഞ്ഞു.


സംഭവത്തിനു ശേഷം സംശയം തോന്നാതിരിക്കാൻ യുവതിയുടെ കുടുംബാംഗങ്ങളുമായും പ്രതി ആശയവിനിമയം നടത്തി. യുവതിയെ കാണാനില്ലെന്ന പരാതി നൽകാനടക്കം പ്രതി ബന്ധുക്കളെ സഹായിച്ചതായും പൊലീസ് പറഞ്ഞു. തല ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ഡിസിപി സിറ്റി സയ്യിദ് അലി അബ്ബാസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home