റോഡിലിട്ട് 35കാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതികൾ ഒളിവിൽ

ന്യൂഡൽഹി: തിരക്കേറിയ റോഡിൽ 35 വയസ്സുകാരനെ അക്രമികൾ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ സെക്ടർ 10-ലെ ഒരു മാളിന് സമീപം പ്രശാന്ത് വിഹാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നത്. പിന്റു (35) എന്നയാളാണ് കൊല്ലപ്പെട്ടത്.
റോഡിലൂടെ പോവുകയായിരുന്ന പിന്റുവിനെ തടഞ്ഞുനിർത്തിയ അക്രമികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സംഭവത്തെ തുടർന്ന് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സുകളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.









0 comments