ഇറാനുമായുള്ള യുദ്ധം സൈനികപരമായി 'ഫലത്തിൽ അവസാനിച്ചു': അവകാശ വാദവുമായി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം, സൈനികപരമായ കാഴ്ചപ്പാടിൽ "ഫലത്തിൽ അവസാനിച്ചിരിക്കുകയാണെന്ന" അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തർ പ്രധാനമന്ത്രിയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ആക്രമണ മാത്രമമാണ് അവസാനിപ്പിച്ചതെന്നും നാവിക- ഉപരോധങ്ങൾ തുടരുമെന്ന സൂചനയും ട്രംപ് നൽകി.
നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ഇറാനിൽ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്താൻ സാധ്യതയില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. എങ്കിലും, ആവശ്യമെങ്കിൽ തകർക്കാൻ 38 പാലങ്ങൾ അടക്കമുള്ള ഇറാന്റെ നിർണായക അടിസ്ഥാനസൗകര്യങ്ങൾ യുഎസ് സൈന്യം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അറിയിച്ചു. ബാഹ്യ സമ്മർദങ്ങൾക്കോ ഭീഷണികൾക്കോ രാജ്യം വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ കരമാർഗ്ഗമുള്ള ആയുധക്കടത്തും ഉപരോധിച്ച വസ്തുക്കളുടെ കൈമാറ്റവും തടയുന്നതിനായി യുഎസ് സെൻട്രൽ കമാൻഡ് പുതിയ മിലിട്ടറി ടാസ്ക് ഫോഴ്സിന് രൂപം നൽകി. ഇറാനുമായുള്ള സംഘർഷം വീണ്ടും വർധിച്ചാൽ ലെബനൻ അതിർത്തിയിൽ പോരാട്ടം പുനരാരംഭിക്കാൻ ഇസ്രായേൽ സൈന്യം ഒരുക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ വിഷയവും റഷ്യ-ഉക്രെയ്ൻ യുദ്ധവും ചർച്ച ചെയ്യുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫ്രാൻസിലെത്തി. ഇറാനുമായുള്ള ചർച്ചകളിൽ ഇതുവരെ വൻ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.







0 comments