'മുംബൈയിലെ ഒരു കോടി ആളുകളെ കൊലപ്പെടുത്തും'; ഭീഷണി മുഴക്കിയ 51കാരൻ അറസ്റ്റിൽ

മുംബൈ: നഗരത്തിൽ ബോംബ് സ്ഫോടനം നടത്തി ഒരു കോടി ആളുകളെ കൊലപ്പെടുത്തമെന്ന് ഭീഷണിപ്പെടുത്തിയ 51കാരനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ അശ്വിനി കുമാറിനെയാണ് നോയിഡയിൽനിന്ന് പിടികൂടിയത്. അശ്വിനിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. അഞ്ചുവർഷമായി നോയിഡയിൽ താമസിക്കുന്ന അശ്വിനി കുമാർ ജ്യോത്സ്യനാണെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച മുംബൈ പൊലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പിലൂടെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം എത്തിയത്. മുംബൈ നഗരത്തിനകത്ത് 34 വാഹനങ്ങളിൽ ആർഡിഎക്സ് സ്ഥാപിച്ചെന്നും സ്ഫോടനത്തിനായി ഏകദേശം 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നുമായിരുന്നു ഭീഷണി.
കഴിഞ്ഞ ദിവസം താനെയിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി മുഴക്കിയതിന് 43കാരനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ രൂപേഷ് മധുകർ റാൻപിസെ സെപ്തംബർ ഒന്നിന് വൈകീട്ട് നാലോടെ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കുകയും കൽവ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ജൂലൈ അവസാന ആഴ്ചയിൽ, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മുംബൈ പൊലീസിനും ബോംബ് ഭീഷണി ലഭിച്ചു. അന്ന് മൂന്ന് വ്യത്യസ്ത നമ്പറുകളിൽ നിന്നാണ് കോളുകൾ വന്നത്.








0 comments