തൃണമൂലിൽ നാടകീയത: മമത ബാനർജി പുതിയ പ്രവർത്തക സമിതി പ്രഖ്യാപിച്ചു; വിമതർക്കെതിരെ നടപടി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത നീക്കങ്ങൾക്ക് തിരിച്ചടിയുമായി മമത ബാനർജി. പാർട്ടിയിൽ തനിക്കുള്ള അപ്രമാദിത്യം ഉറപ്പിച്ചുകൊണ്ട് മമത ബാനർജി പുതിയ ദേശീയ പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കുകയും അതിന്റെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും ചെയ്തു.
താനാണ് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ചെയർപേഴ്‌സണെന്ന് വ്യക്തമാക്കുന്ന പട്ടികയാണ് മമത തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. തന്നോടൊപ്പം ദീർഘകാലമായി പ്രവർത്തിച്ചിരുന്ന ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമത പക്ഷത്തേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മമതയുടെ ഈ നീക്കം.
ഇന്നലെ കൊൽക്കത്തയിലെ ഒരു ആഡംബര ഹോട്ടലിൽ ചേർന്ന വിമതരുടെ യോഗത്തിൽ, മമത ബാനർജിയെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായും ഋതബത്ര ബാനർജിയുടെ നേതൃത്വത്തിൽ പുതിയ 30 അംഗ ദേശീയ പ്രവർത്തക സമിതി രൂപീകരിച്ചതായും പ്രഖ്യാപിച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് മമതയുടെ പുതിയ പട്ടിക. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് വിമത പക്ഷത്തേക്ക് കൂറുമാറിയ മുതിർന്ന നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, അരൂപ് റോയ്, രതിൻ ഘോഷ്, ജാവേദ് ഖാൻ, സ്നേഹാശിഷ് ചക്രവർത്തി, സബിന യാസ്മിൻ തുടങ്ങിയവർക്കാണ് നോട്ടീസ് നൽകിയത്.
ഋതബത്ര ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാർട്ടി പേരും ചിഹ്നവും ഉപയോഗിച്ച് പുതിയ കമ്മിറ്റികൾ രൂപീകരിച്ചെങ്കിലും, തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഔദ്യോഗികമായി മമത ബാനർജിയുടെ പട്ടിക എത്തിയതോടെ വിമതരുടെ നീക്കങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി.
തങ്ങൾ രൂപീകരിച്ചതാണ് 'യഥാർത്ഥ' തൃണമൂൽ കോൺഗ്രസ് എന്ന് വാദിക്കുന്ന വിമതർ, മമത ബാനർജിക്ക് പാർട്ടിയുടെ ഉപദേശക ആയി തുടരാമെന്ന് ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. എന്നാൽ പാർട്ടിയിൽ മമതയുടെ പിടി അയയുന്നില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങൾ.










0 comments