ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ

utarakhand mallus
വെബ് ഡെസ്ക്

Published on Aug 06, 2025, 07:41 PM | 2 min read

ഉത്തരകാശി: ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ പ്രദേശത്ത് കുടുങ്ങിയ മലയാളികൾ സുരക്ഷിതർ. ഗംഗോത്രിക്ക് സമീപമാണ് രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തിയത്. തുടർന്ന് ഇവരെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റി. വിനോദയാത്രക്കു പോയ 28 മലയാളികളാണ് ഉത്തരാഖണ്ഡില്‍ കുടുങ്ങിയത്.


ഉത്തരാഖണ്ഡിലേക്ക് യാത്രചെയ്തവരിൽ 20 മുംബൈ മലയാളികളും എട്ട് പേർ കേരളത്തില്‍ നിന്നുള്ളവരുമാണ്. ഹരിദ്വാറിൽ നിന്നാണ് ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേക്ക് പോയത്. ഇവരെ ഇന്നലെ മുതല്‍ ബന്ധപ്പെടാനാവുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു. 28പേരും സുരക്ഷിതരാണെന്നും ബന്ധപ്പെടാന്‍ കഴിയാത്തത് വിനിയമ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണെന്നുമാണ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പറഞ്ഞു. റോഡുകൾ തകർന്നതിനാൽ ഇവരുടെ മടക്കം വൈകുമെന്നാണ് വിവരം.


ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും വൻനാശനഷ്ടമാണ് ഉണ്ടായത്. ധാരാലിയ ഗ്രാമത്തിന്റെ ഭൂരിഭാഗവും ഒലിച്ചുപോയി. നിരവധിപ്പേർ കുടുങ്ങി. 11 സൈനികരടക്കം 100ലേറെ പേരെ കാണാതായെന്ന്‌ ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. അഞ്ച്‌ മരണം സ്ഥിരീകരിച്ചു. സെെനിക ക്യാമ്പും തകർന്നു. പർവത മേഖലയായ ഹർസിലിനടുത്തുള്ള ധാരാലിയിലേക്ക്‌ ചൊവ്വാഴ്ച പകൽ 1.45 ഓടെയാണ്‌ വൻ മലവെള്ളപ്പാച്ചിലെത്തിയത്‌.


നിരവധി വീടുകളും 25 ഓളം ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. ദുരന്തത്തിന്റെ വ്യാപ്തി ഇതിലും ഭീകരമാണെന്ന്‌ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷപ്പെടാൻ ഓടുന്നവർ ഇരച്ചെത്തിയ മലവെള്ളപ്പാച്ചിൽ പെടുന്നതും കെട്ടിടങ്ങളും വാഹനങ്ങളും ഒഴുകിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്‌. ഗംഗോത്രിയിലേക്കുള്ള വഴിയിൽ നിരവധി ഹോട്ടലുകളും ഹോംസ്‌റ്റേകളും ഉള്ള മേഖലയാണ്‌ ധാരാലിയ. ഇതിനുപിന്നാലെ ഉത്തരകാശിയിലെ സുഖി പ്രദേശത്തും മേഘവിസ്ഫോടനമുണ്ടായി. കാണാതായവർക്കായി രാത്രി വൈകിയും തിരച്ചിൽ തുടർന്നു.


ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനമാണ്‌ പ്രളയത്തിലേക്ക്‌ നയിച്ചത്‌. നദി കരകവിഞ്ഞതിനെ തുടർന്ന്‌ ധാരാലിയിൽ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അതിതീവ്ര മഴയാണ്‌ സംസ്ഥാനത്ത്‌. ബുധനാഴ്‌ചയും കാലാവസ്ഥ വകുപ്പ്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു.


കരസേന, എൻഡിആർഎഫ്‌, ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സംസ്ഥാന ദുരന്ത നിവാരണ സേന സംയുക്തമായാണ്‌ രക്ഷാപ്രവർത്തനം നടത്തുന്നത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമിയുമായി സംസാരിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനത്തിന്‌ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.








deshabhimani section

Related News

View More
0 comments
Sort by

Home