print edition മധ്യപ്രദേശിലെ മലയാളി അധ്യാപകനുനേരെ സംഘപരിവാർ അതിക്രമം

Screengrab
ന്യൂഡൽഹി: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ മലയാളി അധ്യാപകനുനേരെ സംഘപരിവാർ അതിക്രമം. വയനാട് മേപ്പാടി സ്വദേശിയായ ഡോ. ചാൾസ് വർഗീസിന്റെ ക്വാർട്ടേഴ്സിന് മുന്നിൽ എബിവിപിക്കാർ സംഘടിച്ചെത്തി പ്രശ്‌നമുണ്ടാക്കി.
സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രോപോളജി വിഭാഗത്തിലെ അധ്യാപകനായ ഇദ്ദേഹം ഹോസ്റ്റലിന്റെ വാർഡനായി ചുമതലയേറ്റിരുന്നു. അനധികൃതമായി ഹോസ്റ്റലിൽ ആളുകളെ താമസിപ്പിച്ചതിന് മുൻ വാർഡനെ സർവകലാശാല അധികൃതർ മാറ്റുകയായിരുന്നു.
മാനദണ്ഡങ്ങൾ പാലിച്ച് ഹോസ്റ്റൽ സൗകര്യങ്ങൾ ചാൾസ് പുനഃക്രമീകരിച്ചതാണ് എബിവിപിക്കാരെ ചൊടിപ്പിച്ചത്. വ്യാഴാഴ്‌ച രാത്രി ക്വാർട്ടേഴ്‌സിലെത്തിയ എബിവിപിക്കാർ ചാൾസിനുനേരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചു. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നിത്.
എബിവിപിക്ക് അനുകൂലമായി കാര്യങ്ങൾ നീക്കിയിരുന്ന മുൻ വാർഡന്റെ ഒത്താശയിൽ സംഘപരിവാർ അനുകൂല വിദ്യാർഥികൾക്ക് മാത്രമേ ഇതുവരെ താമസം അനുവദിച്ചിരുന്നുള്ളു. ചാൾസിന്റെ നേതൃത്വത്തിലുള്ള ഹോസ്റ്റൽ കമ്മിറ്റി ഹോസ്‌റ്റലിൽ കൂടുതൽ വിദ്യാർഥികൾക്ക് താമസം അനുവദിച്ചു.
ഇൗ വിദ്യാർഥികളെ ഹോസ്റ്റലിൽ താമസിക്കാൻ എബിവിപിക്കാർ അനുവദിച്ചില്ല. ഇതോടെ എബിവിപിക്കാർക്ക് ചാൾസ് കാരണംകാണിക്കൽ നോട്ടീസ് നൽകി. തുടർന്നാണ് അതിക്രമശ്രമമുണ്ടായത്.
സർവകലാശാലയിലെ അധ്യാപകർ എബിവിപി അതിക്രമത്തിനെതിരെ പ്രതിഷേധിച്ചു. സർവകലാശാലയിൽ സമാധാനം, നീതി, ഐക്യം എന്നിവ ഉറപ്പുവരുത്തണമെന്ന് എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ച് വി ശിവദാസൻ
മലയാളി അധ്യാപകന് നേരെയുണ്ടായ അതിക്രമത്തിൽ അടിയന്തരവും നിഷ് പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് വി ശിവദാസൻ എംപി കത്തുനൽകി. കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും അധ്യാപകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









0 comments