മഹായുതി സഖ്യത്തിൽ ഉൾപ്പോര് മുറുകുന്നു

photo credit: X
മുംബൈ: മഹാരാഷ്ട്രയിൽ ഭരണത്തിലുള്ള മഹായുതിസഖ്യത്തിൽ ബിജെപിയും ശിവസേനയും തമ്മിൽ ഉൾപ്പോര് മുറുകുന്നു. വനംമന്ത്രിയും ബിജെപി നേതാവുമായ ഗണേഷ് നായിക് താനെയിൽ ജനസമ്പർക്ക പരിപാടി പ്രഖ്യാപിച്ചതോടെ ശിവസേനയിൽ എതിർപ്പ് ഉയരുന്നുണ്ട്.
ശിവസേന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയ്ക്ക് താനെയിലുള്ള അധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്ന വികാരം പാർടിയിൽ ശക്തമാണ്. നവി മുംബൈ ഉടനീളം പരിപാടിയുടെ പോസ്റ്ററുകളും ഫ്ലക്സ്‌ബോർഡുകളും ബിജെപി സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും പരിപാടിക്ക് രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നാണ് നായികിന്റെ വാദം. "ജൻതാ ദർബാർ' എന്നപേരിൽ ശിവസേന ശക്തികേന്ദ്രമായ താനെയിലെ നവി മുംബൈയിൽ ഈ മാസം ആദ്യവും നായിക് ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചിരുന്നു.
പുതിയ രാഷ്ട്രീയസഖ്യം രൂപപ്പെടുന്നതിന് വർഷങ്ങൾക്കുമുമ്പുതന്നെ നായിക്കും ഷിൻഡെയും തമ്മിൽ താനെയിലെ സ്വാധീനത്തെച്ചൊല്ലി ശക്തമായ രാഷ്ട്രീയകിടമത്സരം നിലനിന്നിരുന്നു. ശിവസേനയിൽനിന്ന് എൻസിപിയിലേക്കും തുടർന്ന് ബിജെപിയിലേക്കും എത്തിയ നായിക്കും അവിഭക്ത ശിവസേന പിളർത്തി ബിജെപി സഖ്യത്തിൽചേർന്ന ഷിൻഡെയും തമ്മിൽ നിഴൽയുദ്ധം ഇപ്പോഴും തുടരുന്നുവെന്നാണിത് തെളിയിക്കുന്നത്. ഉദ്ദവ് താക്കറെ സർക്കാരിനെ താഴെവീഴ്‌ത്തിയതിൽ തനിക്കുള്ള പങ്ക് ഓർമ്മിപ്പിച്ചുകൊണ്ട് തന്നെ നിസ്സാരക്കാരനായ് കണ്ട് തള്ളരുതെന്ന് ഷിൻഡെ കഴിഞ്ഞയാഴ്‌ച പ്രതികരിച്ചിരുന്നു. മഹായുതി സഖ്യത്തിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി നിലനിന്ന തർക്കവും 55 ശിവസേന എംപിമാരുടെയും എംഎൽഎമാരുടെയും വൈ കാറ്റഗറി സുരക്ഷ പിൻവലിച്ചതും സഖ്യത്തിലെ പടലപ്പിണക്കത്തിന്റെ ആക്കംകൂട്ടിയിട്ടുണ്ട്.









0 comments