ചർച്ച് - മിഷനറി ഭൂമി കൈമാറ്റങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ക്രൈസ്തവ സഭകളുടെയും മിഷനറി പ്രസ്ഥാനങ്ങളുടെയും കീഴിലുള്ള ഭൂമി കൈമാറ്റം ചെയ്യപ്പെട്ടെന്ന പരാതികളിൽ സംസ്ഥാനവ്യാപക അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. ബിജെപി എംഎൽഎ ദേവ്യാനി ഫരാന്ദേ നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായാണ് റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുളെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാഭ്യാസം, ആരോഗ്യം, ചാരിറ്റി എന്നിവയ്ക്കായി ചർച്ച് സ്ഥാപനങ്ങൾക്ക് നൽകിയ ഭൂമി, യഥാർത്ഥ ട്രസ്റ്റിമാരുടെ മരണശേഷം രേഖകളിൽ തിരിമറി നടത്തി സ്വകാര്യ വ്യക്തികൾക്ക് കൈമാറിയെന്നാണ് പ്രധാന ആക്ഷേപം.
വിഷയം ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും ഭരണപരമായ അന്വേഷണം നടത്തുന്നതിന് നിയമതടസ്സമില്ലെന്ന് മന്ത്രി ചന്ദ്രശേഖർ ബാവൻകുളെ വ്യക്തമാക്കി. നാസിക്, നന്ദ്ഗാവ്, ഔറംഗബാദ് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂമി ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുക.
പൊതുലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് നടത്തിയ കൈമാറ്റങ്ങൾ റദ്ദാക്കി ഭൂമി തിരികെ സർക്കാരിലേക്ക് കണ്ടുകെട്ടാൻ സാധിക്കുമോ എന്നും സമിതി പരിശോധിക്കും. ആരോപണവിധേയമായ സ്വകാര്യ കമ്പനിയെക്കുറിച്ച് പൊലീസും ചാരിറ്റി കമ്മീഷണറും പ്രത്യേകം അന്വേഷിക്കും.
കേസിൽ സർക്കാരിനായി പ്രത്യേക കൗൺസിലിനെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വലിയ തോതിൽ സ്കൂളുകളും ആശുപത്രികളും നടത്തുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് സർക്കാരിന്റെ ഈ നീക്കം.











0 comments