ഭക്ഷ്യസുരക്ഷാ നിയമലംഘനം; മഹാരാഷ്ട്രയിൽ 105 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

എഐ നിർമിത ചിത്രം
മുംബൈ: ദീപാവലിക്ക് മുന്നോടിയായി മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 105 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പ്രമുഖ ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനങ്ങളായ സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവയുടെ ഔട്ട്ലെറ്റുകൾക്കെതിരെയും നടപടിയുണ്ട്. മഹാരാഷ്ട്രയിലെ പ്രശസ്തമായ ബിരിയാണി ബൈ കിലോ, ടോസിൻ പിസ, ജംബോ ബർഗർ തുടങ്ങിയവർക്കെതിരെയും നടപടിയുണ്ട്.
നവംബർ നാല്, അഞ്ച് തീയതികളിലാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. മുംബൈയിൽ മാത്രം 28 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നാസിക്കിൽ 39, പുണെയിൽ 20, അമരാവതിയിൽ 15, ഛത്രപതി സംഭാജിനഗറിൽ രണ്ട്, താനെയിൽ ഒന്ന് എന്നിങ്ങനെയാണ് മറ്റു സ്ഥാപനങ്ങളുടെ എണ്ണം. ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ഉത്തരവിട്ടു. പുണെയിൽ മൂന്നും അമരാവതിയിൽ രണ്ടും മുംബൈയിലും കൊങ്കൺ മേഖലയിലും ഓരോ സ്ഥാപനങ്ങൾ വീതവുമാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ബോറിവലിയിലെ രാജധാനി ബിരിയാണി സെന്ററിന്റെ ലൈസൻസും റദ്ദാക്കി.
ശുചിത്വമില്ലായ്മ, ഭക്ഷണസാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തത്, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത്, ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം, ജീവനക്കാരുടെ ആരോഗ്യപരിശോധനയുമായി ബന്ധപ്പെട്ട രേഖകളുടെ അഭാവം തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. 69ലധികം സ്ഥാപനങ്ങളിൽനിന്നായി 1.35 കോടി രൂപ വിലമതിക്കുന്ന 39,485 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഇതിനുപുറമെ മൂന്ന് കേന്ദ്രങ്ങളിൽനിന്നായി 7.96 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ഗുട്ക, പാൻമസാല ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.









0 comments