പതിറ്റാണ്ടുകളായി തുടരുന്ന ദുരിതം
കടബാധ്യത: മഹാരാഷ്ട്രയിൽ മൂന്നുമാസത്തിനിടെ ജീവനൊടുക്കിയത് 767 കർഷകർ

വിദർഭ: ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മഹാരാഷ്ട്രയിൽ 767 കർഷകർ ആത്മഹത്യ ചെയ്തു. കർഷക ആത്മഹത്യകളെ കുറിച്ച് നിയമസഭാ കൗൺസിലിലെ ചോദ്യത്തിന് സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി മകരന്ദ് പാട്ടീൽ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്ക്.
ഈ ആത്മഹത്യാ സംഭവങ്ങളിൽ 373 കുടുംബങ്ങൾ സാമ്പത്തിക നഷ്ടപരിഹാരത്തിന് അർഹരായിരുന്നു. ഇവയിൽ 200 പേരുടെ കുടുംബങ്ങളെ സഹായത്തിന് അയോഗ്യരാണെന്ന് പ്രഖ്യാപിച്ച് സർക്കാർ പുറത്ത് നിർത്തുകയായിരുന്നു. 194 കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു.
അർഹരായ 327 കർഷകരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള കേസുകളിൽ നഷ്ടപരിഹാര പ്രക്രിയ പൂർത്തിയാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതിപക്ഷ ബഹളത്തിനിടെ അവകാശപ്പെട്ടു.
പെരുകുന്ന ആത്മഹത്യകൾ, തുടരുന്ന അവഗണന
2024 ൽ മഹാരാഷ്ട്രയിൽ 2,635 കർഷകർ ആത്മഹത്യ ചെയ്തിരുന്നു. 2023 ൽ 2,851 പേരും ജീവനൊടുക്കി. 2001 മുതൽ മഹാരാഷ്ട്രയിൽ 39,825 കർഷക ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ നിയമസഭയിലെ കണക്കുകൾക്ക് തുടർച്ചയായി ശേഖരിച്ച് പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ മരണങ്ങളിൽ 22,193 എണ്ണം സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണ്.
നഷ്ടപരിഹാരത്തിലെ കാലതാമസത്തെക്കുറിച്ചും സംസ്ഥാനത്ത് കർഷക ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷ നിരയിലെ കോൺഗ്രസ് എംഎൽസിമാരായ പ്രദ്‌ന്യ രാജീവ് സതവ്, സതേജ് പാട്ടീൽ, ഭായ് ജഗ്‌താപ് എന്നിവർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കിയത്.
യവത്മാൽ, അമരാവതി, അകോള, ബുൽദാന, വാഷിം തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്ന പടിഞ്ഞാറൻ വിദർഭ, മറാത്ത് വാഡ മേഖലകൾ വളരെക്കാലമായി മഹാരാഷ്ട്രയുടെ കാർഷിക പ്രതിസന്ധിയുടെ പ്രഭവകേന്ദ്രമാണ്. പതിറ്റാണ്ടുകളായി തുടരുന്ന ദുരിതത്തിന് പരിഹാരം കാണാതെ കർഷകരെ മരണത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ്. നിരവധി പഠനങ്ങളും രാഷ്ട്രീയ പ്രസ്താവനകളും ആവർത്തിക്കുന്നു എങ്കിലും അവ കർഷകരിൽ എത്താറില്ല.

പടിഞ്ഞാറൻ വിദർഭ - യവത്മാൽ, അമരാവതി, അകോള, ബുൽദാന, വസീം എന്നിവിടങ്ങളിൽ 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 257 കർഷകർ ആത്മഹത്യ ചെയ്തുവെന്നും അതിൽ 76 കർഷക കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചുവെന്നും 74 അപേക്ഷകൾ അസാധുവാക്കിയെന്നും മക്രന്ദ് പാട്ടീൽ വെളിപ്പെടുത്തി.
മറാത്ത്‌വാഡയിലെ ഹിംഗോളി ജില്ലയിൽ മാത്രം 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ 24 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സർക്കാർ നൽകുന്നത് 6000 രൂപയും കൌൺസിലിങ്ങും
ദുരിതം അനുഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ 6000 രൂപ വീതം അനുവദിച്ചു. ഇവരിൽ തന്നെ അതി ദരിദ്രരായ കർഷകർക്ക് സംസ്ഥാന സർക്കാർ പ്രതിവർഷം 6000 രൂപ സംഭാവന നൽകുകയും ചെയ്യുന്നു,” എന്നുമാണ് വിശദീകരണം.
പതിറ്റാണ്ടുകളായി മാറിവരുന്ന സർക്കാരുകൾ തുടരുന്ന അവഗണനയുടെയും കെടുകാര്യസ്തതകളുടെയും ഫലം ഏറ്റുവാങ്ങുകയാണ് കർഷകർ. പരിഹാരമായി വിഷാദരോഗികളും ദുരിതമനുഭവിക്കുന്നവരുമായ കർഷകർക്കായി സംസ്ഥാന സർക്കാർ മാനസിക കൗൺസിലിംഗ് സെഷനുകൾ നടത്തുന്നതായി മന്ത്രി സഭയിൽ അവകാശപ്പെട്ടു. ഇതുവഴി കർഷകരെ ആത്മഹത്യയിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതായി പറയുകയും ചെയ്തു.










0 comments