ad
Deshabhimani

തമിഴ്‌നാട്ടിലെ 5 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം പുറപ്പെടുവിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

Madras highcourt.jpg
വെബ് ഡെസ്ക്

Published on Jul 10, 2026, 08:02 PM | 1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചി ഈസ്റ്റ്, പെരുന്തുറൈ, അംബാസമുദ്രം, വിരാലിമലൈ, കരൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കി മദ്രാസ് ഹൈക്കോടതി.


ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജൂലൈ 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.


പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി നടപടി. ജനപ്രതിനിധികൾ രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവുകളിൽ, നിലവിലുള്ള തെരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കുന്നതിന് മുൻപ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ നിയമക്കുഴപ്പങ്ങൾക്ക് കാരണമാകുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.


ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് പേർ വരുന്നത് ഉൾപ്പെടെയുള്ള അസ്വാഭാവിക സാഹചര്യങ്ങൾ ഇത് സൃഷ്ടിച്ചേക്കാം. തെരഞ്ഞെടുപ്പ് ഹർജികൾ നിലനിൽക്കുമ്പോൾ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന മുൻകാല സുപ്രീംകോടതി വിധികൾ ഹർജിക്കാരൻ കോടതിയിൽ ഉദ്ധരിച്ചു.


തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് മത്സരിച്ച് വിജയിച്ച തിരുച്ചി ഈസ്റ്റ് മണ്ഡലവും ഇതിൽ ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രി വിജയ് പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുകയും പിന്നീട് തിരുച്ചി ഈസ്റ്റ് സീറ്റ് രാജിവെയ്ക്കുകയുമായിരുന്നു.


വിജയ്‌യുടെ വിജയത്തെ ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി എസ് ഇനിഗോ ഇരുദയരാജ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ രാജിവെച്ച തീയതിയും അവർക്കെതിരെ കോടതിയിൽ ഹർജി ഫയൽ ചെയ്ത തീയതിയും തമ്മിലുള്ള വ്യത്യാസങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.


കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ജൂലൈ 31 വരെ കോടതി സമയം അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home