ad
Deshabhimani

സാനിറ്ററി പാഡുകളിലും ഡയപ്പറുകളിലും വിഷാംശമുള്ള രാസവസ്തുക്കൾ; കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

Sanitary pads.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 03:41 PM | 1 min read

ചെന്നൈ: സാനിറ്ററി പാഡുകൾ, ബേബി ഡയപ്പറുകൾ എന്നിവയിൽ ക്യാൻസറിന് കാരണമാകുന്നതും മാരകവുമായ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന പരാതിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. സാനിറ്ററി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഇത്തരം വിഷാംശമുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിലാണ് നടപടി.


ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ടെക്സ്റ്റൈൽ മന്ത്രാലയത്തിനും നോട്ടീസ് അയച്ചത്. ചെന്നൈ സ്വദേശിയായ അഭിഭാഷക എസ് സുഭദ്രയാണ് ഹർജി നൽകിയത്.


സാനിറ്ററി നാപ്കിനുകൾ, ടാംപണുകൾ, ഡയപ്പറുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ പായ്ക്കറ്റുകളിൽ വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ വിപണിയിലുള്ള മിക്ക പ്രമുഖ ബ്രാൻഡുകളിലും ബിസ്‌ഫെനോൾ, പാരാബെൻസ് തുടങ്ങിയ മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ഹർജിക്കാരി കോടതിയെ ബോധിപ്പിച്ചു.


സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും വന്ധ്യതയ്ക്കും ഹോർമോൺ വ്യതിയാനങ്ങൾക്കും ഇത്തരം രാസവസ്തുക്കൾ കാരണമാകുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


സാനിറ്ററി ഉൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്നതിനുള്ള ബിഐഎസ് മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണെന്നും അവ പുതുക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. 'ടോക്സിക് ലിങ്ക്' എന്ന എൻജിഒ നടത്തിയ പഠന റിപ്പോർട്ടും കോടതിയിൽ തെളിവായി ഹാജരാക്കി. വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം കോടതി കൂടുതൽ വാദം കേൾക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home