ചന്ദ്രമുഖിയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചു; നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നിർമാതാക്കളോട് മറുപടി തേടി മദ്രാസ് ഹൈക്കോടതി

ചെന്നൈ : നടി നയൻതാരയ്ക്കും വിവാഹ ഡോക്യുമെന്ററിക്കും വീണ്ടും നിയമക്കുരുക്ക്. നടിയുടെ വിവാഹ വിശേഷങ്ങൾ ചേർത്ത് നിർമിച്ച നയൻതാര: ബിയോണ്ട് ദ ഫെയറിടെയിൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി എന്ന സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് നിർമാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഡോക്യുമെന്ററി നിർമാതാക്കളോട് മറുപടി ആവശ്യപ്പെട്ടു. ചന്ദ്രമുഖി നിർമാതാക്കളായ എ ബി ഇന്റർനാഷണൽസ് നൽകിയ ഹർജിയിൽ ഡോക്യുമെന്ററി നിർമാതാക്കളായ ടാർക് സ്റ്റുഡിയോസിനോടാണ് കോടതി മറുപടി ആവശ്യപ്പെട്ടത്. ഒക്ടോബർ 6 വരെ സമയം അനുവദിച്ചിട്ടുണ്ട്. നയൻതാരയുടെ വിവാഹ വിശേഷങ്ങളുമായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നാണ് പരാതി. സൂപ്പർതാരം രജനീകാന്ത് നായകനായി എത്തിയ ചിത്രത്തിൽ നയൻതാരയും പ്രധാന വേഷത്തിലെത്തിയിരുന്നു.
നയൻതാരയുടെ ഡോക്യുമെന്ററിയിൽ നിന്ന് ചന്ദ്രമുഖി രംഗങ്ങൾ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെന്നും കമ്പനി ഹർജിയിൽ പറയുന്നു. ചന്ദ്രമുഖി രംഗങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് എതിർകക്ഷിയായ ഡോക്യുമെന്ററി നിർമാതാവിനെ വിലക്കണമെന്നും നയൻതാര ഡോക്യുമെന്ററിയിൽ ഇതിനകം ഉപയോഗിച്ചിരിക്കുന്ന അത്തരം രംഗങ്ങൾ നീക്കം ചെയ്യണമെന്നും ലാഭം കാണിക്കുന്ന അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
2024 നവംബറിലാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ രംഗങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്നു കാണിച്ച് നടനും നിർമാതാവുമായ ധനുഷിന്റെ വണ്ടർബാർ ഫിലിംസും നയൻതാരയ്ക്കെതിരെ കേസ് നൽകിയിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.








0 comments