ad
Deshabhimani

സാനിറ്ററി പാഡുകളിലും ഡയപ്പറുകളിലും രാസവസ്തുക്കൾ ചേര്‍ക്കുന്നത് തടയണം, ഹര്‍ജിയിൽ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

napkin
വെബ് ഡെസ്ക്

Published on Mar 26, 2026, 05:30 PM | 2 min read

ചെന്നൈ: സാനിറ്ററി നാപ്കിനുകൾ, ടാംപണുകൾ, ബേബി ഡയപ്പറുകൾ എന്നിവയിൽ ക്യാൻസറിന് കാരണമാകുന്നതും മറ്റ് അപകടകരവുമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി.


ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ടെക്സ്റ്റൈൽ മന്ത്രാലയത്തിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ചെന്നൈ സ്വദേശിയായ അഭിഭാഷക എസ് സുഭദ്രയാണ് ഹർജി സമർപ്പിച്ചത്.


ഹർജിയിലെ ആവശ്യങ്ങൾ


  • സാനിറ്ററി ഉൽപ്പന്നങ്ങളിലും ഡയപ്പറുകളിലും കാർസിനോജെനിക് (ക്യാൻസർ ഉണ്ടാക്കുന്ന) രാസവസ്തുക്കളുടെ ഉപയോഗം തടയുക.

  • ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന എല്ലാ അസംസ്‌കൃത വസ്തുക്കളും പാക്കറ്റിൽ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കുക.

  • നിലവിലുള്ള ബി ഐ എസ് (BIS) മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണ്. അവ ഉടനെ പരിഷ്കരിക്കുക.

    mensu cup


എന്താണ് ഇത്തരം ബ്രാന്റുകളുടെ പ്രശ്നം


ഹർജിക്കാരി കോടതിയിൽ ഓരോ ആശങ്കകളും അക്കമിട്ട് നൽകി. ഉന്നയിച്ച പ്രധാന പോയിന്റുകൾ ഇവയാണ്.


  1. ആർത്തവമുള്ള ഒരു വ്യക്തി ജീവിതകാലത്ത് ഏകദേശം 60,000 മണിക്കൂർ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇവ തികച്ചും വിഷരഹിതമായിരിക്കണം.

  2. നിലവിൽ വിപണിയിലുള്ള മിക്ക സാനിറ്ററി പാഡുകളിലും പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമാണ്. ഇത് യോനിയിലെ ബാക്ടീരിയകളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കാനും അണുബാധകൾക്കും റാഷസിനും കാരണമാകുന്നു.

  3. ഇതിൽ അടങ്ങിയിരിക്കുന്ന ബിസ്ഫെനോൾ (BPA), പാരാബെൻസ്, ട്രൈക്ലോകാർബൺ എന്നിവ സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെയും ഹോർമോൺ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നു. പാരാബെൻസിന്റെ ഉപയോഗം സ്തനാർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

  4. 2022-ൽ 'ടോക്സിക്സ് ലിങ്ക്' (Toxics Link) എന്ന സംഘടന നടത്തിയ പഠനത്തിൽ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു എന്ന് ഹര്‍ജിക്കാരി പറയുന്നു.

"ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ കേവലം സൗകര്യത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് അത് സ്ത്രീകളുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇതിലെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്." - ഹർജിക്കാരിയുടെ വാദം


മുമ്പ് ലോക്സഭയിൽ കനിമൊഴി എം പി ഈ വിഷയം ഉന്നയിച്ചപ്പോൾ, ബി ഐ എസ് മാനദണ്ഡങ്ങൾ നിലവിലുണ്ടെന്ന മറുപടിയാണ് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ നൽകിയിരുന്നത്.


എന്നാൽ ഈ മാനദണ്ഡങ്ങൾ കാര്യക്ഷമമല്ലെന്നും വിഷാംശങ്ങൾ ഒഴിവാക്കാൻ പുതിയ നിയമങ്ങൾ ആവശ്യമാണെന്നും ഹർജിക്കാരി വാദിക്കുന്നു. കോടതിയുടെ നോട്ടീസിന് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം ഈ വിഷയത്തിൽ നിർണ്ണായകമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home