മധ്യപ്രദേശിൽ വൻ ചികിത്സാ പിഴവ്; തലസീമിയ ബാധിച്ച് ചികിത്സയിലായിരുന്ന 4 കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലസീമിയ ബാധിതരായ നാല് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ട്. പതിവായി രക്തം മാറ്റിവെക്കുന്ന ചികിൽസയ്ക്കിടെയാണ് കുട്ടികൾക്ക് വൈറസ് ബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തലസീമിയ രോഗികൾക്ക് ജീവൻ നിലനിർത്താൻ ഇടയ്ക്കിടെ രക്തം മാറ്റിവെക്കേണ്ടതുണ്ട്.
ഇത്തരത്തിൽ രക്തം നൽകിയപ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് നൽകിയ രക്തത്തിൽ നിന്നാണോ അതോ മറ്റ് ചികിൽസാ ഉപകരണങ്ങൾ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്.
തലസീമിയ കുട്ടികൾക്ക് നൽകുന്ന രക്തം കൃത്യമായി പരിശോധിച്ചിരുന്നോ എന്നും അന്വേഷണ പരിധിയിലുണ്ട്. തലസീമിയ എന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന ജനിതക രോഗമാണ്. ഇത്തരം രോഗികൾക്ക് രക്തം നൽകുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
സംഭവത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്.










0 comments