മധ്യപ്രദേശിൽ 40 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു

പ്രതീകാത്മക ചിത്രം
സത്‌ന: മധ്യപ്രദേശിലെ സത്‌നയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരിക്ക്. നഗരത്തിലെ ഗഹ്‌റ നാലാ പ്രദേശം മുതൽ ഹോസ്പിറ്റൽ ചൗക്ക് വരെയുള്ള ഭാഗങ്ങളിലാണ് തെരുവുനായ പരക്കെ ആക്രമണം നടത്തിയത്. പരിക്കേറ്റ എല്ലാവരെയും സത്‌ന ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചായ കുടിക്കാനായി കടയിലെത്തിയവർക്കും കാൽനടയാത്രക്കാർക്കും നേരെയാണ് നായ പാഞ്ഞടുത്തത്. യാതൊരു പ്രകോപനവുമില്ലാതെ നായ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. ഹോസ്പിറ്റൽ ചൗക്കിലെത്തിയ നായ കൺമുന്നിൽ കണ്ട പത്തോളം പേരെ മിനിറ്റുകൾക്കുള്ളിൽ കടിച്ചുകീറി.
ആളുകൾ ചിതറി ഓടിയതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തി പരന്നു. പരിക്കേറ്റവർക്ക് ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയും പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷനും നൽകി വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മധ്യപ്രദേശിലെ ഇൻഡോർ, ഉജ്ജയിൻ തുടങ്ങിയ മേഖലകളിലും സമാനമായ രീതിയിൽ തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തെരുവുനായ ശല്യം രൂക്ഷമായിട്ടും നഗരസഭാ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്. ആക്രമണം നടത്തിയ നായയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments