ad
Deshabhimani

മധ്യപ്രദേശിൽ പ്രതിദിനം കാണാതാകുന്നത് 130 സ്ത്രീകൾ; നിയമസഭയിൽ കണക്കുകൾ നിരത്തി സർക്കാർ

Madhyapradesh.jpg
വെബ് ഡെസ്ക്

Published on Feb 20, 2026, 07:00 AM | 1 min read

ഭോപ്പാൽ: ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീ സുരക്ഷ ചോദ്യചിഹ്നമാകുന്നു. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 130 സ്ത്രീകളെയും പെൺകുട്ടികളെയും കാണാതാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് നിയമസഭയിൽ പുറത്തുവന്നത്.


കോൺഗ്രസ് എംഎൽഎ വിക്രാന്ത് ഭൂരിയ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി മോഹൻ യാദവ് നിയമസഭയിൽ സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. 2020 മുതൽ 2026 ജനുവരി 28 വരെയുള്ള കാലയളവിൽ മാത്രം 2,74,311 സ്ത്രീകളെയും പെൺകുട്ടികളെയുമാണ് സംസ്ഥാനത്ത് കാണാതായത്.


ഇതിൽ 2,35,977 പേരെ കണ്ടെത്താനായെങ്കിലും 68,334 പേർ ഇപ്പോഴും എവിടെയാണെന്ന് സർക്കാരിന് വ്യക്തതയില്ല. പ്രതിവർഷം ശരാശരി 45,000 പേരെയും പ്രതിമാസം 3,700 പേരെയും കാണാതാകുന്നു എന്നതാണ് സംസ്ഥാനത്തെ ഭീതിദമായ സാഹചര്യം.


ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജബൽപൂർ, ഉജ്ജയിൻ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ തിരോധാനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗോത്രവർഗ മേഖലകളിലും അതിർത്തി ജില്ലകളിലും കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നത് മനുഷ്യക്കടത്ത് സംഘങ്ങളുടെ സജീവ സാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.


സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ബിജെപി സർക്കാർ, പതിനായിരക്കണക്കിന് സ്ത്രീകൾ കാണാമറയത്തായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.


ഇത് കേവലം ക്രമസമാധാന പ്രശ്നമല്ലെന്നും ഭരണകൂടത്തിന്റെ പരാജയമാണെന്നും പ്രതിപക്ഷം വിമർശിച്ചു. സംസ്ഥാനത്ത് കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവുണ്ടാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home