ad
Deshabhimani

print edition കുടിയൊഴിപ്പിക്കലിനെതിരായ പോരാട്ടം; ആദിവാസി പ്രക്ഷോഭത്തെ 
അടിച്ചമർത്തി മധ്യപ്രദേശ് സർക്കാർ

Tribal.jpg

കുടിയൊഴിപ്പിക്കലിനെതിരെ ആദിവാസികള്‍ നടത്തിയ പ്രതീകാത്മക 
ആത്മഹത്യാ സമരം

വെബ് ഡെസ്ക്

Published on Jul 20, 2026, 12:00 AM | 1 min read

ഭോപാൽ: നിയമവിരുദ്ധ കുടിയൊഴിപ്പിക്കലിനെതിരെയുള്ള ആദിവാസിപ്രക്ഷോഭത്തെ അടിച്ചമർത്തി മധ്യപ്രദേശിലെ ബിജെപി സർക്കാർ. ഛത്തർപുരിൽ 15 ദിവസമായി നടത്തിവന്ന സമരത്തിനുനേരെയാണ്‌ പൊലീസിന്റെ നരനായാട്ട്‌. കെൻ–-ബെത്വ നദീസംയോജന പദ്ധതി, മജ്‌ഗാവ് അണക്കെട്ട്, എൻടിപിസി പവർ പ്രോജക്ട് എന്നിവയ്ക്കായി ഭൂമിയേറ്റെടുക്കുന്നതിനെതിരെ കുപി ഗ്രാമത്തിലെ ബരാന നദിക്കരയിൽ ‘ചിത ആന്തോളൻ’ എന്നപേരിലാണ്‌ പ്രതിഷേധമുയർത്തിയത്‌.


കുടിയൊഴിപ്പിക്കലിൽ അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയില്ലെങ്കിൽ ദയാവധത്തിന്‌ അനുമതിവേണമെന്നാണ്‌ ആദിവാസികളുടെ ആവശ്യം. പ്രതീകാത്മക ആത്മഹത്യയുൾപ്പെടെയുള്ള സമരരീതികൾ ഏറ്റെടുത്തിരുന്നു. ‘നഷ്ടപരിഹാരം നൽകുന്നതിനുമുമ്പേ വീടുകളും സ്കൂളുകളും പൊളിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുംചെയ്തു. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ ലംഘനമാണിത്‌’ – സമരക്കാർ പറഞ്ഞു.


ഞായർ രാവിലെയായിരുന്നു പൊലീസിന്റെ മിന്നലാക്രമണം. അതിവേഗം ഇരച്ചെത്തി സമരപ്പന്തലുകൾ അടിച്ചുതകർക്കുകയും പ്രതീകാത്മകമായി ഒരുക്കിയ ചിതകൾ നീക്കംചെയ്യുകയുംചെയ്തു. 18 ദിവസമായി അനിശ്ചിതകാല നിരാഹാരത്തിലായിരുന്ന സാമൂഹിക പ്രവർത്തകൻ അമിത് ഭട്നഗർ ഉൾപ്പെടെയുള്ള സമരനേതാക്കളെയും നിരവധി ആദിവാസികളെയും പൊലീസ്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയി. ഇവരെ എങ്ങോട്ടാണ് മാറ്റിയതെന്ന്‌ ബന്ധുക്കളെ അറിയിച്ചില്ല.


സമരത്തിൽ ബിജെപി സർക്കാർ പ്രതിരോധത്തിലായിരുന്നു. സംസ്ഥാനവ്യാപകമായി ആദിവാസി–ദളിത്‌ പ്രക്ഷോഭമുണ്ടാകുമെന്ന്‌ ഭയന്നു. ഇതോടെ എന്തു വിധേനയും അടിച്ചമർത്താൻ പൊലീസിന്‌ നിർദേശംനൽകുകയായിരുന്നു. വലതുപക്ഷ മാധ്യമങ്ങൾ തുടക്കംമുതലേ തമസ്കരിച്ച സമരം സമൂഹമാധ്യമങ്ങളിലൂടെയാണ്‌ പുറംലോകമറിഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home