print edition മോഹൻ യാദവിനെ സംരക്ഷിച്ച് ദിഗ്‌വിജയ് സിങ്; നാണംകെട്ട് കോൺഗ്രസ്

ന്യൂഡൽഹി: ഭൂമി കുംഭകോണത്തിന്റെ പേരിൽ പ്രതിക്കൂട്ടിലായ മധ്യപ്രദേശ് ബിജെപി മുഖ്യമന്ത്രി മോഹൻ യാദവിനെ കടന്നാക്രമിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ തമ്മിലടി. സംസ്ഥാന അധ്യക്ഷൻ ജിതു പട്‌വാരി ഉൾപ്പടെയുള്ളവർ മോഹൻ യാദവിന് എതിരെ അതീവഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ മോഹൻ യാദവിനെ അനുകൂലിച്ച് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ് രംഗത്തെത്തി. ‘ മോഹൻ യാദവ് ജീ താങ്കൾ 12 പ്രധാന വകുപ്പുകൾ ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യുന്നത് വലിയ അബദ്ധമാണ്. ഏതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥർ പണം കീശയിലാക്കിയാൽ അതിന്റെ പഴി മുഴുവൻ താങ്കൾ കേൾക്കേണ്ടി വരും. നിങ്ങളാകും അവസാനം കുടുങ്ങാൻ പോകുന്നത്’– ദിഗ്‌വിജയ് സിങ് പറഞ്ഞു.
മുഖ്യമന്ത്രി മോഹൻ യാദവിന്റെയും കുടുംബത്തിന്റെയും റിയൽ എസ്‌റ്റേറ്റ് കന്പനികൾ ഉജ്ജയിനിയിൽ കോടികൾ വിലമതിക്കുന്ന ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇൗ സാഹചര്യത്തിലാണ് മോഹൻയാദവിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ജിതു പട്‌വാരി രംഗത്തെത്തിയത്. ഉജ്ജയിനിയിലെ 500 കോടി വിലമതിക്കുന്ന ഭൂമി മോഹൻയാദവ് സർക്കാർ ഒരു രൂപ ടോക്കൺതുക കൈപ്പറ്റി വീർഭാരത് ട്രസ്‌റ്റിന് കൈമാറിയെന്നായിരുന്നു ആരോപണം. എന്നാൽ ഇൗ ആരോപണങ്ങളെയും ഒറ്റയടിക്ക് തള്ളുന്നതായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ പ്രതികരണം. ‘ കൃത്യമായി അന്വേഷിക്കാതെ ഒരാരോപണവും ഉന്നയിക്കരുത്. സർക്കാർ ട്രസ്‌റ്റാണിത്. മുഖ്യമന്ത്രി അതിന്റെ എക്‌സ് ഓഫീഷ്യോ ചെയർമാനാണ്. കമൽനാഥ് മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ അദ്ദേഹവും ഇൗ ട്രസ്‌റ്റിന്റെ ചെയർമാനായിരുന്നു’– എന്നാണ് ദിഗ്‌വിജയ് സിങ് പറഞ്ഞത്.











0 comments