ad
Deshabhimani

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പൗരർക്ക് സംവിധാനമൊരുക്കണം: സുപ്രീം കോടതി

supre court on assam government
വെബ് ഡെസ്ക്

Published on Feb 24, 2025, 10:04 PM | 2 min read

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പൗരർക്ക് സംവിധാനം ഒരുക്കേണ്ടത്‌ പ്രധാനമാണെന്ന്‌ സുപ്രീം കോടതി.


1954 ലെ ഡ്രഗ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ പരസ്യങ്ങൾ) ആക്ട് നിർണായകമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ്‌ പറഞ്ഞത്‌. ഝാർഖണ്ഡ്, കർണാടക, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ 1945-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങളിലെ ചട്ടം 170 പാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഗണിക്കുകയായിരുന്നു കോടതി. കേരളത്തിൽ ഇത്തരം പരസ്യങ്ങൾക്കെതിരെ നിയമം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി ഷാദൻ ഫറാസത്ത് പറഞ്ഞു.


ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കുന്ന 1945 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങളിലെ ചട്ടം 170 ഒഴിവാക്കി ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കഴിഞ്ഞ വർഷംആഗസ്‌ത്‌ 27 ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.


കർണാടകയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതായി ആരോപിക്കപ്പെടുന്ന 25 കേസുകളിൽ വിശദാംശങ്ങളുടെ അഭാവം മൂലം നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ ബെഞ്ചിനെ അറിയിച്ചു. "ഇവ കർണാടക സംസ്ഥാനം നൽകുന്ന ഒഴികഴിവുകൾ മാത്രമാണെന്ന് ഞങ്ങൾ കരുതുന്നു. അവർക്ക് സ്വന്തമായി പൊലീസും സൈബർ സെൽ സംവിധാനവുമുണ്ട്. ഈ പരസ്യങ്ങളുടെ ഉറവിടം കണ്ടെത്തുന്നത് അവർക്ക് വളരെ എളുപ്പമാണ്," ബെഞ്ച് പറഞ്ഞു.തെറ്റ് ചെയ്തവരെ കണ്ടെത്താനും ഒരു മാസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും കർണാടക സർക്കാരിനോട് ബെഞ്ച്‌ ആവശ്യപ്പെട്ടു.


ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ നിയമവിരുദ്ധ പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിന് ഡൽഹി, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ വീഡിയോ കോൺഫറൻസിലൂടെ ഹാജരായി നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കാരണം വിശദീകരിക്കാൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.


തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ 2024 മെയ് 7-നാണ്‌ സുപ്രീം കോടതി ഉത്തരവിട്ടത്‌. പരസ്യം നൽകാൻ അനുവദിക്കുന്നതിന് മുമ്പ്, 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങൾ അനുസരിച്ച് പരസ്യദാതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന് ഉത്തരവിട്ടു.


കോവിഡ് വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങൾക്കുമെതിരെ പതഞ്ജലി അപവാദ പ്രചാരണം നടത്തിയെന്ന് പറഞ്ഞ്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2022 ൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home