പാർടികളെയും എംപിമാരെയും വിലയ്ക്കുവാങ്ങൽ; ബിജെപി ലക്ഷ്യം മണ്ഡല പുനർനിർണയം നടപ്പാക്കൽ:

അഗർത്തല
: ആർഎസ്‌എസ് സഹായത്തോടെ രാജ്യത്ത് രാഷ്‌ട്രീയത്തെ ബിസിനസ്സാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. കോർപറേറ്റ് മേഖലയിലെപ്പോലെ ലയനങ്ങളും ഏറ്റെടുക്കലുകളും രാഷ്ട്രീയത്തിലും കൊണ്ടുവരാനാണ് നോക്കുന്നത്. ഒരു കമ്പനി മറ്റൊരു കമ്പനിയെ വാങ്ങുംപോലെ അവർ രാഷ്ട്രീയ പാർടികളെയും എംപിമാരെയും എംഎൽഎമാരെയും വിലയ്‌ക്കുവാങ്ങുന്നു. ഇതുവഴി പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ പാസ്സാക്കാൻ ആവശ്യമായ അംഗബലം ഉറപ്പാക്കാനാണ് ശ്രമം.
രാജ്യത്തെ മത ഫാസിസ്റ്റ്, മനുവാദി, ബ്രാഹ്‌മണിക്കൽ ഹിന്ദു രാഷ്ട്രമാക്കുകയുമാണ് അവരുടെ ലക്ഷ്യം. ഇതിനെ നേരിടാൻ എല്ലാ ജനാധിപത്യ പുരോഗമന ശക്തികളും ഒന്നിക്കണമെന്നും സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥയെ ചവിട്ടിമെതിക്കുകയാണ് ബിജെപി. വനിതാ സംവരണത്തെ മറയാക്കി മണ്ഡല പുനർനിര്‍ണയ ബിൽ ഏതുവിധേനയും പാസ്സാക്കിയെടുക്കാനാണ് ശ്രമം. ആർഎസ്‌എസ് സജീവമായ ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിലെ സീറ്റുകൾ കൂട്ടി അവിടെനിന്നു മാത്രമായി ഭൂരിപക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ അസമത്വം വൻതോതിൽ വർധിച്ചതായി സർവേകളും അന്താരാഷ്‌ട്ര സാമ്പത്തിക ശാസ്‌ത്രജ്ഞരും വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അഭിമാനം മോദി അമേരിക്കൻ സാമ്രാജ്യത്വത്തിന് അടിയറവച്ചു. ഹോർമുസ് കടലിടുക്കിൽ മൂന്ന് ഇന്ത്യൻ നാവികരെ യുഎസ് സൈന്യം കൊലപ്പെടുത്തിയിട്ടും ഖേദം പ്രകടിപ്പിക്കണമെന്നോ നഷ്ടപരിഹാരം നൽകണമേന്നോ ജി-7 ഉച്ചകോടിയിലെ കൂടിക്കാഴ്‌ചകളിൽ ട്രംപിനോട് മോദി ആവശ്യപ്പെട്ടില്ലെന്ന് വാർത്തകൾ വ്യക്തമാക്കുന്നു– ബേബി പറഞ്ഞു. രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പൊളിറ്റ്‌ബ്യുറോ അംഗങ്ങളായ മുഹമ്മദ് സലിം, ശ്രീദീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി തുടങ്ങിയവരും പങ്കെടുത്തു.









0 comments