ad
Deshabhimani

എൽപിജി സിലിണ്ടർ കിട്ടാനില്ല; മുംബൈയിൽ 20 ശതമാനം ഹോട്ടലുകളും പൂട്ടി

Commercial LPG cylinder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 10, 2026, 12:14 PM | 1 min read

മുംബൈ: മുംബൈയിൽ എൽപിജി സിലിണ്ടർ വിതരണത്തിൽ ​ഗണ്യമായ കുറവുണ്ടായതിനെ തുടർന്ന് 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടി. നഗരത്തിലെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (എഎച്ച്എആർ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാചകവാതക വിതരണം മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ന​ഗരത്തിലുള്ള ഏകദേശം 50 ശതമാനം ഹോട്ടലുകളും പൂട്ടുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.


ലഭ്യമായ സിലിണ്ടറുകളുടെ സ്റ്റോക്ക് അനുസരിച്ചായിരിക്കും വരും ദിവസങ്ങളിൽ ഹോട്ടലുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഹോട്ടലുകൾ കൂട്ടമായി അടച്ചുപൂട്ടാൻ അസോസിയേഷൻ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്ന് എഎച്ച്എആർ അറിയിച്ചു. റസ്റ്റോറന്റുകൾ തുറന്നിടണോ താൽക്കാലികമായി പ്രവർത്തനം നിർത്തണോ എന്ന തീരുമാനം വ്യക്തിഗത ഹോട്ടൽ ഉടമകളെയും അവരുടെ സ്ഥാപനങ്ങളിലെ ഗ്യാസ് വിതരണ ലഭ്യതയെയും ആശ്രയിച്ചിരിക്കും.


വാണിജ്യ സിലിണ്ടറുകളുടെ പെട്ടെന്നുള്ള ക്ഷാമം റെസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും മെനു ഇനങ്ങൾ വെട്ടിക്കുറയ്ക്കുകയും പ്രവർത്തന സമയം പരിമിതപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വാണിജ്യ എൽപിജി വിതരണം മന്ദഗതിയിലാണ്.


ബം​ഗളൂരുവിലും സമാന സാഹചര്യമുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ വിപണിയെ ബാധിച്ചതാണ് നിലവിലെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. വിതരണം സാധാരണ നിലയിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home