print edition എൽപിജി ക്ഷാമം രൂക്ഷം


സ്വന്തം ലേഖകൻ
Published on Apr 13, 2026, 12:00 AM | 1 min read
ന്യൂഡൽഹി : രാജ്യത്ത് ഇന്ധന പ്രതിസന്ധി നിയന്ത്രണവിധേയമെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്പോഴും എൽപിജി കിട്ടാതെ വലഞ്ഞ് ജനം. വിവിധ നഗരങ്ങളിൽ പുതിയ എൽപിജി കണക്ഷനുകൾ നൽകുന്നത് കമ്പനികൾ അനൗദ്യോഗികമായി നിർത്തിവച്ചിരിക്കുകയാണ്. മാത്രമല്ല, നഗരങ്ങളിലടക്കം സിലിണ്ടർ ബുക്കുചെയ്‌താൽ കിട്ടാൻ 50 ദിവസംവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സർക്കാർ വ്യവസ്ഥ പ്രകാരമുള്ള ഇടവേള നഗരങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശത്ത് 45 ദിവസവുമായിരിക്കെയാണിത്.
യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിൽനിന്ന് പലായനം തുടരുകയാണ്. ഡൽഹിയിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാന്റീൻ അടച്ചിട്ട് 15 ദിവസം പിന്നിട്ടു. പശ്‌ചിമേഷ്യൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ എൽപിജി ടാങ്കർ ‘ജഗ് വിക്രം’ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരത്തേക്ക് നീങ്ങുകയാണ്.
മഹാരാഷ്‌ട്രയിലെ വിവിധ നഗരങ്ങളിൽ പുതിയ എൽപിജി കണക്ഷനുകൾ കന്പനികൾ നൽകുന്നില്ലെന്നാണ് റിപ്പോർട്ട്. പുതിയ കണക്ഷൻ നൽകാൻ കന്പനികൾ അനുവാദം നൽകുന്നില്ലെന്നാണ് പുണെയിലെ ഏജൻസികൾ പറയുന്നത്. നാഗ്‌പുരിൽ ദിവസം 120 സിലിണ്ടറുകൾ മാത്രമാണ് വിതരണം ചെയ്യുന്നത്. ബുക്കിങ്ങുകൾ സ്വയം റദ്ദാക്കപ്പെടുകയാണെന്ന പരാതികളും വ്യാപകമായി. ഡൽഹിയിലടക്കം പല ഉപയോക്താക്കൾക്കും എൽപിജി കിട്ടിയില്ലെങ്കിലും ഡെലിവറി ചെയ്‌തതായി സന്ദേശം എത്തുന്നുണ്ട്. തൊഴിലാളികളുടെ പലായനം പ്രതിസന്ധി സൃഷ്‌ടിച്ചതോടെ, പ്രത്യേക ക്യാന്പുകൾ നടത്തി അഞ്ചുകിലോ സിലിണ്ടറുകൾ നൽകുമെന്ന് ഡൽഹി സർക്കാർ ഞായറാഴ്‌ച പ്രഖ്യാപിച്ചു.









0 comments