ad
Deshabhimani

എൽപിജി ക്ഷാമം രൂക്ഷം; ഓട്ടോ ഡ്രൈവർമാർ പ്രതിസന്ധിയിൽ

എൽപിജി ക്ഷാമം രൂക്ഷം; ഓട്ടോ ഡ്രൈവർമാർ പ്രതിസന്ധിയിൽ
വെബ് ഡെസ്ക്

Published on Apr 03, 2026, 07:48 AM | 1 min read

ന്യൂഡൽഹി : വാണിജ്യാവശ്യത്തിനുള്ള എൽപിജി വിതരണം 70 ശതമാനത്തിലേക്ക് ഉയർത്തിയതായി കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും രാജ്യമെങ്ങും എൽപിജി ക്ഷാമം രൂക്ഷം. ഭക്ഷണശാലകളെയും എൽപിജി ഇന്ധനമായി ഉപയോഗിക്കുന്ന ഓട്ടോകൾ അടക്കമുള്ള വാഹനങ്ങളെയുമാണ് ഇന്ധനക്ഷാമം പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. വൻനഗരങ്ങളിൽ കൂടുതൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയാണ്.


ലിറ്ററിന് 56 രൂപയായിരുന്ന ഓട്ടോ എൽപിജി 150 രൂപയിലെത്തി. ബംഗളൂരു പോലുള്ള നഗരങ്ങളിൽ ഓട്ടോ എൽപിജിയുടെ വിൽപ്പന നിയന്ത്രിച്ചു. പരമാവധി 200 രൂപയ്ക്ക് മാത്രമാണ് ഇന്ധനം നൽകുന്നത്. കൊൽക്കത്ത, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലും സമാന സാഹചര്യമാണ്. എൽപിജി സ്റ്റേഷനുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയും പ്രകടമാണ്.


ഹോസ്റ്റലുകൾ ഒഴിപ്പിക്കുന്നു

എൽപിജി ക്ഷാമം രൂക്ഷമായതോടെ പുതുച്ചേരി കേന്ദ്രസർവകലാശാല മെയ് ഒന്നിനകം ഹോസ്റ്റലുകൾ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം നൽകി. മെയ് ആറിന് നടക്കേണ്ട പരീക്ഷ ഏപ്രിൽ 26ന് നടത്താനും തീരുമാനിച്ചു. അക്കാദമിക് കലണ്ടർ ഏകപക്ഷീയമായി വെട്ടിച്ചുരുക്കിയുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.


പെട്രോളിയം ഉൽപ്പന്നങ്ങളെ ആശ്രയിച്ചുള്ള പല വ്യവസായങ്ങളും പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ സർക്കാർ മൂന്നുമാസത്തേക്ക് ഒഴിവാക്കി. ഏപ്രിൽ ഒന്ന് വരെയാണ് തീരുവ നീക്കിയത്.


3 കപ്പൽകൂടി എത്തിയേക്കും

എൽപിജി കയറ്റിയ മൂന്ന് ഇന്ത്യൻ കപ്പലുകൾക്കുകൂടി വൈകാതെ ഹോർമുസ് കടക്കാൻ അനുമതി ലഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. ജഗ്‌വിക്രം, ഗ്രീൻ ആശ, ഗ്രീൻ സാൻവി എന്നീ കപ്പലുകളാണ് എൽപിജിയുമായി ഹോർമുസിൽ അനുമതികാത്ത് തുടരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home