print edition എൽപിജി പ്രതിസന്ധിക്ക് അയവില്ല;കാലി സിലിണ്ടറുമായി കാത്തിരിപ്പ്

ന്യൂഡൽഹി
: ഉൗർജ പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും രാജ്യത്ത് എൽപിജി ക്ഷാമത്തിന് പരിഹാരമില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളിലും എൽപിജി വിതരണകേന്ദ്രങ്ങളിൽ സിലിണ്ടറിനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലാണ് ജനങ്ങൾ. ഓൺലൈനായി ബുക്ക് ചെയ്‌ത് ദിവസങ്ങൾക്ക് ശേഷവും സിലിണ്ടർ എത്താത്ത സാഹചര്യത്തിലാണ് വിതരണകേന്ദ്രങ്ങളിലേക്ക് കാലി സിലിണ്ടറുമായി ആളുകൾ കൂട്ടമായി എത്തുന്നത്.
ഗാർഹികാവശ്യത്തിനുള്ള എൽപിജി വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയം അവകാശപ്പെടുന്നത്.
പശ്‌ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് സിലിണ്ടർ ബുക്കുചെയ്യാനുള്ള ഇടവേള നഗരങ്ങളിൽ 21ൽ നിന്ന് 25 ദിവസമായും ഗ്രാമങ്ങളിൽ 45 ദിവസമായും സർക്കാർ ഉയർത്തിയിരുന്നു. സർക്കാർ നിർദേശിച്ച ഇടവേള പാലിച്ച് പുതിയ സിലിണ്ടർ ബുക്ക് ചെയ്‌താലും കിട്ടാത്ത സ്ഥിതിയാണ്. ഡൽഹിയിലെ സംഗംവിഹാറിലും നജഫ്‌ഗഡിലും മറ്റും എൽപിജി സിലിണ്ടറിനായി ജനങ്ങൾ കാത്തുനിന്ന് വലയുകയാണ്. യുപി, പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലും സമാനസ്ഥിതിയാണ്.
വാണിജ്യാവശ്യത്തിനുള്ള എൽപിജി വിതരണം 70 ശതമാനത്തിലേക്ക് ഉയർത്തിയതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വിതരണ കേന്ദ്രങ്ങളിലേക്ക് കൂടുതൽ സിലിണ്ടറുകൾ എത്താത്ത സ്ഥിതിയാണ്. ഭക്ഷണശാലാ ഉടമകളും മറ്റും സിലിണ്ടറിനായി സമീപിക്കുമ്പോൾ വിതരണകേന്ദ്ര നടത്തിപ്പുകാർ കൈമലർത്തുന്നു. പ്രകൃതിവാതകത്തിലേക്ക് മാറിക്കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ പിഎൻജി കണക്ഷനുകളുടെ കാലതാമസം തുടരുകയാണ്. ഉരുക്ക്, വാഹനനിർമ്മാണം, ടെക്‌സ്‌റ്റൈൽസ്, ഡൈ, രാസവസ്‌തു നിർമ്മാണം, പ്ലാസ്‌റ്റിക്ക് തുടങ്ങിയ വ്യവസായങ്ങൾക്കുകൂടി വാണിജ്യാവശ്യത്തിനുള്ള എൽപിജി നൽകി തുടങ്ങിയെന്ന് കേന്ദ്രം അവകാശപ്പെട്ടു. പ്രകൃതിവാതകം ബദൽ ഉൗർജമായി ഉപയോഗിക്കാൻ കഴിയാത്ത വ്യവസായങ്ങൾക്കും എൽപിജി നൽകുമെന്ന് സർക്കാർ അറിയിച്ചു.











0 comments