എൽപിജി പ്രതിസന്ധി: പോണ്ടിച്ചേരി സർവകലാശാലയിലെ പരീക്ഷകൾ നേരത്തെയാക്കി; പ്രതിഷേധം ശക്തം

പുതുച്ചേരി: എൽപിജി ക്ഷാമത്തെ തുടർന്ന് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ആഗോളതലത്തിലെ വിതരണ തടസ്സങ്ങളും ആഭ്യന്തര വിപണിയിലെ പാചകവാതക ക്ഷാമവും ചൂണ്ടിക്കാട്ടി സർവകലാശാല പരീക്ഷകൾ നേരത്തെയാക്കി. അക്കാദമിക് കലണ്ടർ വെട്ടിച്ചുരുക്കിയും പരീക്ഷാ ഷെഡ്യൂളിൽ മാറ്റം വരുത്തിയുമുള്ള സർവകലാശാല ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചു.
പുതുക്കിയ കലണ്ടർ പ്രകാരം 2026 മെയ് 1നകം പരീക്ഷാഫലം ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയാക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടു. ഇതനുസരിച്ച് മെയ് 6 മുതൽ 15 വരെ നടക്കേണ്ടിയിരുന്ന സീനിയർ ബാച്ചുകളുടെ (UG, PG) പരീക്ഷകൾ ഏപ്രിൽ 21 മുതൽ 30 വരെയായി ചുരുക്കി. ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷകൾ ഏപ്രിൽ 24ന് ആരംഭിച്ച് 30ഓടെ പൂർത്തിയാക്കും. പരീക്ഷാ തയ്യാറെടുപ്പിനുള്ള സമയം (Study Holidays) സീനിയർ ബാച്ചുകൾക്ക് 11 ദിവസവും ഒന്നാം വർഷക്കാർക്ക് 20 ദിവസവുമാണ് ഇതോടെ നഷ്ടമാകുന്നത്.
ഇന്റേണൽ പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കിയ സർവകലാശാല, സെമിനാറുകളുടെയും അസൈൻമെന്റുകളുടെയും അടിസ്ഥാനത്തിൽ മൂല്യനിർണ്ണയം നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സിലബസ് തീർക്കുന്നതിനായി ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കുകയും 20 ശതമാനം ക്ലാസുകൾ ഓൺലൈനായി നടത്താൻ അനുമതി നൽകുകയും ചെയ്തു. ആവശ്യമെങ്കിൽ ഞായറാഴ്ചകളിലും ക്ലാസുകൾ നടത്താൻ വകുപ്പുകൾക്ക് നിർദ്ദേശമുണ്ട്. അക്കാദമിക് നിലവാരത്തെ തകർക്കുന്ന ഈ തുഗ്ലക് പരിഷ്കാരങ്ങൾക്കെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധം അറിയിച്ചു.
രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുകയാണ് ഇത്തരം സംഭവങ്ങൾ. അമേരിക്കൻ സാമ്രാജ്യത്വത്തിനും ഡോണൾഡ് ട്രംപിനും മുന്നിൽ മോദി സർക്കാർ കീഴടങ്ങിയതിന്റെ പരിണതഫലമാണ് രാജ്യത്തെ നിലവിലെ ഇന്ധന-വാതക പ്രതിസന്ധിയെന്ന വിമർശനം ശക്തമാണ്. ബിജെപി സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഭാരം വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നടപടിയാണ് സർവകലാശാലയുടേതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.










0 comments