ad
Deshabhimani

ആരോപണങ്ങൾക്ക്‌ മറുപടിയില്ലാതെ മോദി

print edition മറുപടി പറയാതെ പ്രധാനമന്ത്രി ; 
ലോക്‌സഭയിൽ നന്ദിപ്രമേയം പാസാക്കി

loksabha today

പാര്‍ലമെന്റിന് മുന്നില്‍ സു വെങ്കടേശനടക്കമുള്ള പ്രതിപക്ഷ എംപിമാര്‍
പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Feb 06, 2026, 03:36 AM | 2 min read


ന്യൂഡൽഹി

​ബജറ്റ്‌ സമ്മേളനത്തിന്‌ തുടക്കമിട്ട്‌ രാഷ്ട്രപതി നടത്തിയ അഭിസംബോധനയ്‌ക്കുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിപ്രസംഗം ഇല്ലാതെ ലോക്‌സഭ പാസാക്കി. 2004ന്‌ ശേഷം ആദ്യമായാണ്‌ ഇങ്ങനെയൊരു നടപടി. പ്രധാനമന്ത്രി മറുപടി നൽകാൻ ആലോചിച്ചിരുന്നെന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ അവസാനനിമിഷം വേണ്ടെന്നുവച്ചെന്നുമാണ്‌ സർക്കാരിന്റെ അവകാശവാദം. നന്ദിപ്രമേയം ശബ്‌ദവോട്ടിൽ പാസാക്കിയതായി വ്യാഴാഴ്‌ച പ്രതിപക്ഷത്തിന്റെ കനത്തപ്രതിഷേധത്തിനിടെ സ്‌പീക്കർ ഓം ബിർള പ്രഖ്യാപിക്കുകയായിരുന്നു. ചർച്ചയോ വിശദീകരണങ്ങളോ കൂടാതെയാണ്‌ നന്ദിപ്രമേയം പാസാക്കിയത്‌. 2004 ജൂണിൽ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രതിപക്ഷത്തെ ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന്‌ നന്ദിപ്രമേയത്തിന്‌ മറുപടി നല്‍കിയിരുന്നില്ല.


​തടഞ്ഞത്‌ താനെന്ന്‌ 
സ്‌പീക്കർ

​ബുധനാഴ്‌ച ലോക്‌സഭയിൽ പ്രതിപക്ഷ അംഗങ്ങളിൽനിന്നും ‘അസാധാരണമായ ചില നടപടികൾ’ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന്‌ പ്രധാനമന്ത്രിയോട്‌ മറുപടി ഒഴിവാക്കാൻ ഉപദേശിച്ചത്‌ താനാണെന്ന്‌ സ്‌പീക്കർ ഓം ബിർള അവകാശപ്പെട്ടു. ഇന്നലെ എംപിമാർ പ്രധാനമന്ത്രിയുടെ ചെയറിന്‌ ചുറ്റും ഒത്തുകൂടി. അത്യാഹിതം ഉണ്ടാകാനിടയുണ്ടെന്ന്‌ വിവരം കിട്ടിയതോടെയാണ്‌ സഭയിലേക്ക്‌ വരേണ്ടെന്ന്‌ താൻ പ്രധാനമന്ത്രിക്ക്‌ വിവരം നൽകിയതെന്നും ബിർള പറഞ്ഞു. ഇന്ത്യ–യുഎസ്‌ വ്യാപാരകരാറിലെ ദുരൂഹത, കരസേനാ മുൻ മേധാവിയുടെ പുസ്‌തകത്തിലെ വിവാദ വെളിപ്പെടുത്തൽ, എപ്‌സ്‌റ്റീൻ ഫയലിലെ മോദി പരാമർശം തുടങ്ങിയ വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധങ്ങളിൽ സഭ പ്രക്ഷുബ്‌ധമായിരുന്നു. മോദിയുടെയും എപ്‌സ്‌റ്റീന്റെയും ഫോട്ടോകളുള്ള ബാനർ ഉയർത്തിപ്പിടിച്ച്‌ വനിതാഅംഗങ്ങൾ പ്രധാനമന്ത്രിയുടെ ചെയറിന്‌ സമീപം നിലയുറപ്പിച്ചിരുന്നു.


​അയവില്ലാതെ 
പ്രതിഷേധം

​വ്യാഴാഴ്‌ചയും പ്രതിപക്ഷ പ്രതിഷേധം അലയടിച്ചു. മിനിറ്റുകൾക്കുള്ളിൽ ലോക്‌സഭ നിർത്തിവെക്കാൻ സ്‌പീക്കർ നിർബന്ധിതനായി. പകൽ 12ന്‌ സഭ വീണ്ടും ചേർന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ വീണ്ടും നിർത്തിവെച്ചു. പിന്നീട്‌ സഭ ചേർന്നപ്പോൾ സ്‌പീക്കർ പ്രതിപ്രക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും വെള്ളിയാഴ്‌ചത്തേക്ക്‌ സഭ പിരിയുകയാണെന്ന്‌ അറിയിക്കുകയുംചെയ്തു.


ആരോപണങ്ങൾക്ക്‌ മറുപടിയില്ലാതെ മോദി

​കേന്ദ്രസർക്കാരിനും തനിക്കും എതിരെ ഉയർന്നിട്ടുള്ള ഗുരുതരആരോപണങ്ങൾക്ക്‌ മറുപടിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ താൽപര്യങ്ങൾക്ക്‌ കീഴടങ്ങി വ്യാപാരകരാറുണ്ടാക്കി, എപ്‌സ്‌റ്റീൻ ഫയലുകളിൽ പേരുൾപ്പെട്ടതോടെ തിടുക്കത്തിൽ കരാറിന്‌ വഴങ്ങി, ഇന്ത്യ–ചൈന സംഘർഷവേളയിൽ നിർണായക തീരുമാനങ്ങൾ വൈകിപ്പിച്ചു– തുടങ്ങിയ ആരോപണങ്ങളില്‍ രാജ്യസഭയിൽ മോദി മറുപടി നല‍്കിയില്ല. ലോക്‌സഭയിൽ നന്ദിപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയാതെ ഒളിച്ചോടിയ മോദി രാജ്യസഭയില്‍ നല്‍കിയ മറുപടിയിലും ഇക്കാര്യങ്ങളോടൊന്നും പ്രതികരിച്ചില്ല.


വ്യാഴാഴ്‌ച രാജ്യസഭയിൽ പ്രധാനമന്ത്രി മറുപടിപ്രസംഗം നടത്തിയ ഉടനെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ‘പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുക’, ‘ഏകാധിപത്യം വെച്ചുപൊറുപ്പിക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. തുടർന്ന്‌ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റുനിന്ന്‌ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയെ മോദി പരിഹസിച്ചു.


‘പ്രായമായ നിങ്ങൾ ഇരുന്ന്‌ മുദ്രാവാക്യം വിളിക്കുന്നതാണ്‌ നല്ലത്‌.’– മോദി പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കലാണ്‌ ചില പ്രതിപക്ഷ പാർടികളുടെ പ്രധാന ദ‍ൗത്യമെന്നും മോദി ആരോപിച്ചു. നെഹ്‌റുവും ഇന്ദിരയും രാജ്യത്തെ ജനങ്ങളെ പ്രശ്‌നങ്ങളായാണ്‌ കണ്ടിരുന്നത്‌. ഇറാൻ സന്ദർശനവേളയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, തന്റെ പിതാവ്‌ 35 കോടി പ്രശ്‌നങ്ങളെയും താൻ 71 കോടി പ്രശ്‌നങ്ങളെയും നേരിടുകയാണെന്നും പറഞ്ഞു. വലിയ രാജ്യങ്ങൾ ഇന്ത്യയുമായി വ്യപാരകരാറുകൾ ഉണ്ടാക്കുന്നത്‌ ലോകത്തിനുള്ള സന്ദേശമാണെന്നും മോദി അവകാശപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home