print edition എൻസിഡിസിക്ക് കൂടുതല്‍ അധികാരം; ദേശീയ സഹകരണ വികസന കോർപറേഷൻ ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി : രാജ്യമുടനീളമുള്ള സഹകരണസംഘങ്ങളിൽ ദേശീയ സഹകരണ വികസന കോർപറേഷന്റെ (എൻസിഡിസി) പിടി മുറുക്കുന്ന വ്യവസ്ഥകളുള്ള ദേശീയ സഹകരണ വികസന കോർപറേഷൻ ഭേദഗതി ബിൽ ചര്‍ച്ചകൂടാതെ ലോക്‌സഭ പാസാക്കി. സൊസൈറ്റികൾക്ക് പുറമെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും നേരിട്ട് വായ്‌പയും ഗ്രാന്റും അനുവദിക്കാൻ എൻസിഡിസിക്ക് അധികാരം നൽകുന്നതാണ് ഭേദഗതി. നിലവിൽ സംസ്ഥാന സർക്കാരുകളോ സഹകരണ സൊസൈറ്റികളോ മുഖാന്തിരം മാത്രമാണ് സഹകരണരംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്ക് എൻസിഡിസി വായ്‌പയും ഗ്രാന്റും അനുവദിച്ചിരുന്നത്.
ധനസഹായം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് പുതിയ ഭേദഗതിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ഫലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. നിലവിൽ സഹകരണ സൊസൈറ്റികൾക്ക് മാത്രമാണ് എൻസിഡിസി വായ്‌പയും ഗ്രാന്റും അനുവദിക്കുന്നത്. പുതിയ ഭേദഗതിയോടെ മറ്റ് സംഘടനകൾക്കും വായ്‌പ അനുവദിക്കാനാകും. പശ്‌ചാത്തലസൗകര്യം, സാങ്കേതികസഹായം, സംസ്‌കരണം, വിപണനം, ധനസഹായം തുടങ്ങിയ സേവനങ്ങൾ ഒരുക്കുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമാകും എൻസിഡിസിക്ക് നേരിട്ട് വായ്പ നല്‍കാന്‍ വഴിയൊരുങ്ങും. സഹകരണ സംഘടനകളുടെ ഓഹരി മൂലധനത്തിൽ നിക്ഷേപം നടത്താനും പുതിയ ബിൽ എൻസിഡിസിക്ക് അനുമതി നൽകുന്നു.
വ്യവസായ ഉൽപ്പന്നങ്ങൾക്കുള്ള ഭൂമിശാസ്‌ത്രപരമായ നിയന്ത്രണങ്ങൾ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്‌തുക്കളുടെ നിർവചനത്തിൽ സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കളെയും മറ്റ് ഭക്ഷ്യഇനങ്ങളെയും ഉൾപ്പെടുത്തി. വായ്‌പാ വിവരങ്ങൾ സമാഹരിച്ച് ആർബിഐയുമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും പങ്കുവെയ്‌ക്കുന്നതിനുള്ള അധികാരവും എൻസിഡിസിക്ക് ലഭിക്കും. വർഷകാല സമ്മേളനത്തിൽ ലോക്‌സഭ പാസാക്കിയ ബില്ലുകളുടെ എണ്ണം പതിനൊന്നായി. രണ്ട് ബില്ലിൽ മാത്രമാണ് ചർച്ചയുണ്ടായത്.










0 comments