അവഗണനയ്ക്കും ജോലി ഭാരത്തിനുമെതിരെ ലോക്കോ പൈലറ്റുമാരുടെ ധർണ്ണ; ജന്ദർ മന്ദറിൽ അണിനിരന്നത് ആയിരങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരും നേരിടുന്ന കടുത്ത അവഗണനയ്ക്കും ജോലിഭാരത്തിനുമെതിരെ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ മഹാധർണ്ണ. ഇന്ന് രാവിലെ 9:30 മുതൽ ഡൽഹി ജന്തർ മന്ദറിൽ റണ്ണിംഗ് സ്റ്റാഫ് ആരംഭിച്ച ധർണ്ണ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉദ്‌ഘാടനം നിർവഹിച്ചു.
നാളെ (മാർച്ച് 28) ഹർകിഷൻ ഭവനിൽ അവകാശ പ്രഖ്യാപന കൺവെൻഷനും നടക്കും. പത്ത് വർഷത്തിലേറെയായി പുതുക്കാത്ത റണ്ണിംഗ് അലവൻസിന്റെ ആദായനികുതി ഇളവ് പരിധി 10,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർത്തുക. റണ്ണിംഗ് അലവൻസിൽ 25 ശതമാനം വർദ്ധനവ് നടപ്പിലാക്കുക.
കിലോമീറ്ററേജ് അലവൻസിലെ അപാകതകൾ പരിഹരിക്കുക. പ്രതിദിന ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തുക. തുടർച്ചയായ രാത്രി ഡ്യൂട്ടി രണ്ടായി പരിമിതപ്പെടുത്തുക. ആസ്ഥാനത്ത് 16 മണിക്കൂർ വിശ്രമവും 30 മണിക്കൂർ പ്രതിവാര വിശ്രമവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് ധർണ്ണ.
ട്രെയിനുകളുടെ നീളം കൂടുന്നതും വേഗത 160 കിലോമീറ്റർ വരെയായി വർദ്ധിച്ചതും ലോക്കോ പൈലറ്റുമാരുടെ ജോലിഭാരം ഇരട്ടിയാക്കിയിരിക്കുകയാണ്. പ്രതിവർഷം 600-ഓളം ജീവനക്കാരാണ് മാനസികവും ശാരീരികവുമായ സമ്മർദ്ദം മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്. 2018 മുതൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്താത്തത് നിലവിലുള്ള ജീവനക്കാരെ 20-30% അധിക ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്നു.
അവധിയും വിശ്രമവും നിഷേധിക്കപ്പെടുന്നത് ട്രെയിൻ സുരക്ഷയെപ്പോലും ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. 28-ന് നടക്കുന്ന കൺവെൻഷൻ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ കോളിൻ ഗോൺസാൽവസ് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ലോക്കോ പൈലറ്റുമാർ സമരത്തിൽ പങ്കുചേർന്നു.










0 comments