നിയന്ത്രണരേഖയിലെ ​ഗ്രാമങ്ങള്‍

ഭീതിയൊഴിഞ്ഞു, ദുരിതം ബാക്കി

loc villages back to life

കശ്‌മീരിലെ ഉറിയിൽ പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടിനുമുന്നിൽ യുവതി ഫോട്ടോ: പി വി സുജിത്‌

avatar
എം പ്രശാന്ത്‌

Published on Jun 15, 2025, 04:42 AM | 1 min read


ഉറി (കശ്‌മീർ)

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യ – പാക്‌ സംഘർഷത്തിൽ വലിയ നാശം സംഭവിച്ച ഉറിയിലും സമീപപ്രദേശങ്ങളിലും സാവധാനത്തിലാണെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക്‌ മടങ്ങുന്നു. കടകമ്പോളങ്ങളും മറ്റും പ്രവർത്തിച്ചുതുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു.


ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ ഉറിയും സമീപപ്രദേശങ്ങളും സന്ദർശിച്ച സിപിഐ എം സംഘത്തിന്‌ മുന്നിൽ നാട്ടുകാർ നിരവധി പരാതികളാണ് അവതരിപ്പിച്ചത്‌. നിയന്ത്രണരേഖയിൽനിന്ന്‌ 15 കിലോമീറ്റര്‍ മാറിയാണ്‌ കശ്‌മീരിന്റെ പ്രവേശനകവാടമായ ഉറിയെന്ന ചെറുപട്ടണം. മെയ്‌ ഏഴിന്‌ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന പാകിസ്ഥാന് നൽകിയ തിരിച്ചടിക്ക് പിന്നാലെയാണ്‌ ഉറിയടക്കമുള്ള പ്രദേശങ്ങൾ യുദ്ധഭൂമിയായി മാറിയത്‌. രാപകൽ വ്യത്യാസമില്ലാതെ മൂന്നുദിവസം ഏറ്റുമുട്ടലുണ്ടായി. ഉറി –കർണാഹ്‌ മേഖലകളിലായി വീടുകളടക്കം എഴുന്നൂറിലേറെ കെട്ടിടത്തിന് നാശം സംഭവിച്ചു. അറുപതിലേറെ കെട്ടിടം പൂർണമായും തകർന്നു.

നിയന്ത്രണരേഖയോട്‌ ചേർന്നുള്ള സലാമാബാദിൽ ഷെല്ലാക്രമണത്തിൽ തകർന്ന മുഹമ്മദ്‌ യൂനുസിന്റെയും ബദറുദ്ദീന്റെയും വീടുകൾ സിപിഐ എം സംഘം സന്ദർശിച്ചു. തനത്‌ കശ്‌മീരി മാതൃകയിൽ ഇരുനിലകളിലായി അടുത്തടുത്തായി കെട്ടിയുയർത്തിയ രണ്ട്‌ വീടുകളും ഷെല്ലാക്രമണത്തിൽ പൂർണമായും നിലംപൊത്തി.


ആറ്‌ കുട്ടികളടക്കം 13 പേരാണ്‌ രണ്ട്‌ വീട്ടിലുമായി കഴിഞ്ഞിരുന്നത്‌. ഇപ്പോൾ താൽക്കാലിക ക്യാമ്പിലാണ്‌ താമസം. കുടിവെള്ളം പോലുമില്ലാത്ത ദുരവസ്ഥ. 1.30 ലക്ഷം രൂപ മാത്രമാണ്‌ സർക്കാര്‍ നൽകിയ സഹായം. ഈ തുക കൊണ്ട്‌ എങ്ങനെ പുതിയ വീട്‌ കെട്ടുമെന്ന്‌ യൂനുസ്‌ ചോദിച്ചു.


കൂടുതൽ നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുള്ള എല്ലാ ശ്രമവും നടത്തുമെന്ന ഉറപ്പ്‌ സിപിഐ എം പ്രതിനിധി സംഘം നൽകി. താൽകാലിക ക്യാമ്പിൽ വെള്ളമടക്കം അടിസ്ഥാന ആവശ്യങ്ങളെല്ലാം ഉറപ്പുവരുത്താൻ ഇടപെടലുണ്ടാകുമെന്ന് സംഘത്തോടൊപ്പമുണ്ടായിരുന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Home