മദ്യശാലകൾക്ക് പൂട്ട്; വിജയ്‌യുടെ നടപടിയെ സ്വാഗതം ചെയ്ത് കമൽ ഹാസൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ 717 മദ്യശാലകൾ അടച്ചുപൂട്ടാനുള്ള വിജയ്‌യുടെ തീരുമാനത്തെ പ്രശംസിച്ച് നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹാസൻ. മദ്യവിൽപ്പന ഒരിക്കലും ഒരു സർക്കാരിന്റെ ജോലിയാകരുത് എന്നും മദ്യപാനം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമാണ് സർക്കാർ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപമുള്ള മദ്യശാലകൾ നീക്കം ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ സാധാരണ കുടുംബങ്ങൾ ഏറെ കാലമായി ആഗ്രഹിക്കുന്നതാണ്. അധികാരമേറ്റയുടൻ തന്നെ ഇത്തരമൊരു നടപടി സ്വീകരിച്ച മുഖ്യമന്ത്രി വിജയ്‌യെ കമൽ ഹാസൻ അഭിനന്ദിച്ചു.
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന ടിവികെയുടെ വാഗ്ദാനത്തിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ 717 ഷോപ്പുകൾ പൂട്ടാൻ ഉത്തരവിട്ടത്. ഈ എണ്ണം ഇനിയും വർധിപ്പിക്കണമെന്നും മദ്യവിമുക്തമായ ഒരു തമിഴ്‌നാടിനായി ഈ നീക്കം തുടരണമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് അദ്ദേഹം ആശംസകളും നേർന്നു.










0 comments