print edition വഖഫിൽ കള്ളം പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം : വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന പുതിയ നുണയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമഭേദഗതിയെ യുഡിഎഫ് സർക്കാർ പിന്തുണച്ചതിന്റെ ജാള്യം മറയ്ക്കാനാണ് നുണപ്രചാരണവുമായി രംഗത്തെത്തിയത്. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗ് അടക്കം നൽകിയ ഹർജികൾ സുപ്രീംകോടതി ആഗസ്‌ത് 25ലേക്ക് ലിസ്‌റ്റ് ചെയ്‌തിരിക്കുകയാണ്. എന്നാൽ, ഹർജികൾ തള്ളിയെന്നും രണ്ട് അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന നിയമം പ്രാബല്യത്തിൽവന്നെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്തില്ലെന്ന നിലപാട് കേരളം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് നിയമനം അത്യന്താപേക്ഷിതമാണെന്നായിരുന്നു മറുപടി. നിയമനത്തിനെതിരെ കേരളം നിയമനടപടിയിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല. കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്പോൾ അമുസ്ലിങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കോടതി വിധിക്കനുസരിച്ച് ചെയ്യുമെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രി പറഞ്ഞതെല്ലാം നുണ: പി രാജീവ്
വഖഫ് നിയമവുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞതുമുഴുവൻ നുണയാണെന്ന് മുൻ നിയമമന്ത്രികൂടിയായ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് പറഞ്ഞു. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി തള്ളിയതിനാൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. തീയതിപോലും നിശ്‌ചയിച്ചിട്ടില്ല. സർക്കാർ എന്നത് തുടർച്ചയാണ്. സതീശൻ മുഖ്യമന്ത്രിയായ കേരള സർക്കാർ കേസിൽ കക്ഷിയാകാൻ അപേക്ഷ നൽകിയിരിക്കുകയാണ്. അതിൽ കൃത്യമായ നിലപാട് പറയുന്നുണ്ട്. വഖഫ് എന്നത് ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണെന്നും അത് കൈകാര്യം ചെയ്യുന്നതിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നത് യുക്തിരഹിതമാണെന്നുമാണ് അതിൽ പറയുന്നത്. നിയമഭേദഗതി ഭരണഘടനയുടെ ആർട്ടിക്കിൾ 14,25,26 എന്നിവയ്‌ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന ഘട്ടത്തിലാണ് കേസ് തള്ളി എന്ന് മുഖ്യമന്ത്രി പറയുന്നത്.
മുഖ്യമന്ത്രി ഇംഗ്ലീഷിലും മലയാളത്തിലും നുണ പറയുകയാണ്. പ്രതിപക്ഷ നേതാവ് വർഗീയത പ്രചരിപ്പിക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വാദം. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തരുത് എന്ന നിലപാട് വർഗീയത പ്രചരിപ്പിക്കലാണോ? മുഖ്യമന്ത്രി എതു പാർടിയിലാണ് നിൽക്കുന്നത്. കോൺഗ്രസ് അടക്കം ഭേദഗതിയെ എതിർത്തതാണ്. ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് ബിജെപിയുടെ വാദമാണ്. വഖഫ് നിയമം ഭേദഗതി ചെയ്‌തശേഷം രാജ്യത്താദ്യമായി വിജ്ഞാപനം ഇറക്കിയത് കേരളമാണെന്ന മുഖ്യമന്ത്രിയുടെ വാദവും നുണയാണ്. 2026 ഫെബ്രുവരിയിലാണ് കേരളം വിജ്ഞാപനം നടത്തിയത്. അതിനുമുമ്പ് 2025 നവംബർ 28ന് ലീഗിന്റെ പിന്തുണയുണ്ടായിരുന്ന തമിഴ്‌നാട് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.










0 comments