സിംഹങ്ങളും നാട്ടിലിറങ്ങുന്നു, അമ്രേലിയിൽ അഞ്ചു വയസുകാരൻ കൊല്ലപ്പെട്ടു

അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം
ധാരി താലൂക്കിലെ മനാവാവ് ഗ്രാമത്തിൽ വച്ചാണ് സംഭവം. മധ്യപ്രദേശിൽ നിന്നുള്ള കൃഷിത്തൊഴിലാളിയുടെ മകനെയാണ് പെൺസിംഹം ആക്രമിച്ചത്.
കുട്ടിയെ സിംഹം ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ബഹളം വച്ചതോടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി.
രക്തത്തിൽ കുളിച്ച നിലയിലൽ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെത്തുടർന്ന് വനംവകുപ്പ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തെരച്ചിലിൽ സിംഹത്തെ ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കൂട്ടിലാക്കി.
സിംഹങ്ങൾ കാട് വിടുന്നു
ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏക ആവാസ കേന്ദ്രമാണ് ഗുജറാത്ത്. മെയ് 2025 ൽ നടത്തിയ സെൻസസ് പ്രകാരം, ഗിർ ദേശീയോദ്യാനത്തിന് പുറമെ സൗരാഷ്ട്ര മേഖലയിലെ അമ്രേലി ഉൾപ്പെടെ 11 ജില്ലകളിലായി വനേതര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും സിംഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നേരത്തെ 674 സിംഹങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 2025 ലെ സെൻസസ് പ്രകാരം 891 ആയിട്ടുണ്ട്.
ഗിർ ദേശീയോദ്യാനം ഉപേക്ഷിച്ച് സിംഹങ്ങൾ പുറത്തെത്തുന്നത് വലിയ ഗവേഷണ വിഷയമായിട്ടുണ്ട്. 394 എണ്ണം മാത്രമാണ് ഗിര്‍ വനത്തിനകത്തെ അവാസ വ്യവസ്ഥയിൽ കഴിയുന്നത്.
2020-ൽ 30,000 ചതുരശ്ര കിലോമീറ്ററായിരുന്ന സിംഹങ്ങളുടെ വ്യാപന പരിധി 2025-ഓടെ 35,000 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ഇത് 16.67% വർധനവാണ്. സിംഹങ്ങൾ അവയുടെ പഴയ ആവാസ കേന്ദ്രങ്ങളിലേക്ക് തിരിച്ചുപോകുകയാണെന്നാണ് ഗുജറാത്ത് വനംവകുപ്പിന്റെ വിശദീകരണം.
ഗിർ ദേശീയോദ്യാനത്തിനും വന്യജീവി സങ്കേതത്തിനും പുറത്ത് ഒമ്പത് ഉപഗ്രഹ സിംഹ സമൂഹങ്ങളെ സെൻസസിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ സിംഹങ്ങളെ കണ്ടെത്തിയത് അമ്രേലിയിലെ സാവർകുണ്ഡ്ല-ലിലിയ മേഖലയിലും (125) ഭാവ്നഗറിലുമാണ്. ഇവ രണ്ടും മനുഷ്യര്‍ അധിവസിക്കുന്ന പ്രദേശങ്ങളാണ്. 1879-ന് ശേഷം ആദ്യമായി ബർദ വന്യജീവി സങ്കേതത്തിൽ സിംഹങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായിരുന്നു. നിലവിൽ അവിടെ 17 സിംഹങ്ങളുണ്ട്. ജെത്പൂർ, ബാബ്ര-ജസ്ദാൻ മേഖലകളിലും ആദ്യമായി സിംഹ സാന്നിധ്യം രേഖപ്പെടുത്തി. ഇവയിൽ അധികവും മനുഷ്യവാസമുള്ള പ്രദേശങ്ങളാണ്.










0 comments