കർണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് മയക്കുമരുന്നുമായി പിടിയില്‍

മുംബൈ
കോണ്‍ഗ്രസ് നേതാവും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ ഉറ്റതോഴനുമായ ലിംഗരാജ് കന്നിയെ മയക്കുമരുന്നുമായി മഹാരാഷ്‌ട്ര പൊലീസ് പിടികൂടി. കലബുർഗി സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആയ ലിംഗരാജിനെ മയക്കുമരുന്ന് കൈവശംവച്ചതിനും വിൽപ്പന നടത്താന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റുചെയ്‌തത്. നിരോധിത മയക്കുമരുന്നായ കോഡിൻ സിറപ്പിന്റെ 120 കുപ്പി ലിംഗരാജില്‍നിന്ന് പിടിച്ചെടുത്തു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയുമായി അടുത്ത ബന്ധമുള്ള നേതാവ് മയക്കുമരുന്നുമായി പിടിയിലായത് കോണ്‍ഗ്രസിന് വന്‍ നാണക്കേടായി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ലിംഗരാജിനെ പുറത്താക്കിയെന്ന് പ്രിയങ്ക് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കള്‍ക്ക് മയക്കുമരുന്നുകടത്തില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ബിജെപിക്ക് ഇരട്ടത്താപ്പാണെന്നും ബിജെപി എംഎൽഎ പ്രതിയായ പോക്‌സോ കേസില്‍ നടപടി വൈകുകയാണെന്നും പ്രിയങ്ക് ഖാര്‍ഗെ തിരിച്ചടിച്ചു.
ഡിസംബറില്‍ ബീദറില്‍ കരാറുകാരൻ ജീവനൊടുക്കിയതില്‍ പ്രിയങ്ക് ഖാര്‍ഗെയുടെ മറ്റൊരു അടുത്ത അനുയായിക്ക് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. പ്രിയങ്ക് ഖാര്‍ഗെയുടെ അനുയായി രാജു കപാനുര്‍ തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കരാറുകാരന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു.








0 comments