വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ലക്ഷങ്ങൾ തട്ടിയെടുത്തു, മതംമാറ്റാനും ശ്രമം

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് (Photo: Screengrab)
മുംബൈ: വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായും ലക്ഷങ്ങൾ തട്ടിയെടുത്ത് മതം മാറ്റത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ യുവതിയുടെ മുൻ സഹപാഠിയായ അയ്യാസ് താജ് മദാരെ (26), കൂട്ടുപ്രതിയായ അമീൻ ഷെയ്ഖ് (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ, നിർബന്ധിത മതം മാറ്റം തുടങ്ങിയ വകുപ്പുകൾക്ക് പുറമെ മഹാരാഷ്ട്രയിലെ നരബലിയും മറ്റ് മനുഷ്യത്വരഹിതമായ ആചാരങ്ങളും ബ്ലാക്ക് മാജിക്കും തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസിലെ മൂന്നാം പ്രതി ഹസ്രത്ത് മൗലാനക്കായുള്ള അന്വേഷണം നടത്തി വരികയാണ്. 24 വയസുകാരിയായ പരാതിക്കാരി വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. 2025 ഫെബ്രുവരിയിൽ ഒരു പ്ലോട്ട് വാങ്ങാനെന്ന വ്യാജേന അയ്യാസ് യുവതിയെ ബന്ധപ്പെടുകയും വാർധ റോഡിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. അവിടെ വെച്ച് ലഹരി കലർന്ന ജ്യൂസ് നൽകി ബോധരഹിതയാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു.
തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ഏകദേശം 3.09 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. പീഡനത്തിന് പിന്നാലെ മതം മാറ്റാൻ ശ്രമം നടത്തിയതായി യുവതി പരാതിയിൽ ആരോപിച്ചു. വിവാഹിതയായതിനാൽ ഭയപ്പെട്ടാണ് യുവതി ഇത്രകാലം പീഡനങ്ങൾ പുറത്തുപറയാതിരുന്നതെന്ന് യുവതി പറയുന്നു. ഒടുവിൽ ഡ്യൂട്ടി കഴിഞ്ഞെത്തിയ ഭർത്താവിനോട് യുവതി കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു.










0 comments